ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് 40,000 ത്തോളം വനിതാ പ്രതിഷേധക്കാർ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കെത്തുന്നുവെന്ന് കർഷക സംഘടനകൾ. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ യാത്ര ആരംഭിച്ചു.

പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്, പഞ്ചാബിലെ മിക്ക ജില്ലകളിലും ട്രാക്ടർ മാർച്ചുകൾ വീണ്ടും സംഘടിപ്പിച്ചിരുന്നു. ബർണാലയിൽ വെള്ളിയാഴ്ച മിക്ക ട്രാക്ടറുകളും ഓടിച്ചിരുന്നത് സ്ത്രീകളായിരുന്നു. ബതിന്ദയിൽ പുരുഷന്മാരും സ്ത്രീകളും ചേർന്നതാണ് ട്രാക്ടറുകൾ ഓടിക്കുന്നത്.

“കുറച്ചു സ്ത്രീകള്‍ക്ക് അവരുടെ മക്കളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് തിരക്കിലാണ്. അതിനാല്‍ അവര്‍ മാര്‍ച്ച് 9 ന് അവര്‍ പഞ്ചാബിലേക്ക് തിരിച്ചു പോവും. ബാക്കിയുള്ളവര്‍ ഇവിടെ നില്‍ക്കും,” ഭാരതീയ കിസാന്‍ യൂണിയന്‍ വനിതാ വിഭാഗം സ്റ്റേറ്റ് കമ്മിറ്റി അംഗം ബല്‍ബിര്‍ കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭാരതീയ കിസാന്‍ യൂണിയനിലാണ് കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉള്ളത്.

500 ബസുകള്‍, 115 ട്രക്കുകള്‍, 200 ചെറിയ വാഹനങ്ങള്‍ എന്നിവയിലാണ് സ്ത്രീകള്‍ എത്തുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടന വ്യക്തമാക്കി. രാജ്യത്ത് വനിതാ ദിന ആഘോഷങ്ങള്‍ നടക്കവെ ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്ത് സ്ത്രീകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തും.

പ്രസംഗങ്ങൾ നടത്തുമ്പോൾ പ്രകോപനപരമായ ഒരു ഭാഷയും ഉപയോഗിക്കരുതെന്ന് എല്ലാ പ്രഭാഷകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബികെയും ജനറൽ സെക്രട്ടറി ജഗൻമോഹൻ പറഞ്ഞു. “നാം പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രക്ഷോഭം 101 ദിവസം പിന്നിടവെയാണ് പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ സ്ത്രീകളെത്തുന്നത്. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook