ന്യൂഡല്‍ഹി: എന്‍ ഡി ടി വി സ്ഥാപകരായ പ്രണോയ് റോയും ഭാര്യ രാധിക റോയും കമ്പനിയിലെ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിനു വില്‍ക്കുന്നു. ശേഷിക്കുന്ന 32.26 ശതമാനം ഓഹരികളില്‍ 27.26 ശതമാനം അദാനി ഗ്രൂപ്പിനു വില്‍ക്കുമെന്ന് ഇരുവരും അറിയിച്ചു.
സ്ഥാപകരുടെ പിന്തുണയുള്ള ഒരു കമ്പനിയെ ആദ്യം വാങ്ങുകയും പിന്നീട് ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്നു കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കുകയും ചെയ്തതോടെ ന്യൂ ഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡി(എന്‍ഡിടിവി)ന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി അദാനി ഗ്രൂപ്പ് മാറിയതിനെ തുടര്‍ന്നാണിത്.
എന്‍ഡിടിവിയിലെ ഞങ്ങളുടെ മിക്ക ഓഹരികളും എഎംജി മീഡിയ നെറ്റ്വര്ക്കിന് (അദാനി ഗ്രൂപ്പ് സ്ഥാപനം) വില്ക്കാന് ഞങ്ങള്‍ പരസ്പര ധാരണയോടെ തീരുമാനിച്ചു,” സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കു നല്കിയ പ്രസ്താവനയില്‍ പ്രണോയും രാധികയും പറഞ്ഞു.
ഇരുവര്‍ക്കുമായി എന്‍ഡിടിവിയില്‍ 32.26 ശതമാനം ഓഹരിയുള്ളപ്പോള്‍ അദാനി ഗ്രൂപ്പിനു 37.44 ശതമാനം ഓഹരിയാണുള്ളത്. 32.26 ശതമാനം ഓഹരികളില്‍ 27.26 ശതമാനം പ്രണോയും രാധികയും വില്‍ക്കുകയും കമ്പനിയില്‍ അഞ്ചു ശതമാനം ഓഹരി കൈവശം വയ്ക്കുകയും ചെയ്യും.
”അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചതുമുതല്‍, ഗൗതം അദാനിയുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു. ഞങ്ങളുടെ എല്ലാ നിര്‍ദേശങ്ങളും അദ്ദേഹം ക്രിയാത്മകമായും തുറന്ന മനസോടെയും സ്വീകരിച്ചു,” സ്ഥാപകര്‍ പ്രസ്താവനയില്‍ പറഞ്ഞു.