കൽക്കരി ഖനിക്കുള്ളിൽനിന്നും ദുർഗന്ധം, കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചതായി സൂചന

ഡിസംബർ 13 നാണ് സായ്പുങ് പ്രദേശത്തെ റാറ്റ് ഹോൾ മൈനിങ്ങിൽ 15 തൊഴിലാളികൾ കുടുങ്ങിയത്

ഗുവാഹത്തി: മേഘാലയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ മരിച്ചതായി സൂചന. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ (എൻഡിആർഎഫ്) മുങ്ങൽ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഖനിക്കുള്ളിൽനിന്നും ദുർഗന്ധം വമിക്കുന്നതായി മുങ്ങൽ വിദഗ്ധർ അറിയിച്ചതായാണ് റിപ്പോർട്ട്.

‘നല്ലൊരു സൂചനയല്ല കിട്ടിയിട്ടുളളത്’, ഇതായിരുന്നു രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡന്റ് സന്തോഷ് സിങ് പ്രതികരിച്ചത്. കൂടുതൽ കാര്യങ്ങൾ പറയാൻ അദ്ദേഹം തയ്യാറായില്ല. ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾ മരിച്ചിരിക്കാമെന്നും മൃതശരീരം അഴുകിയതിന്റെ ഗന്ധമാണ് പുറത്തേക്ക് വരുന്നതെന്നും മുങ്ങൽ വിദഗ്‌ധർ അറിയിച്ചതിനെ തുടർന്നാണ് സന്തോഷ് സിങ്ങിന്റെ പ്രസ്താവനയെന്നാണ് വിവരം.

ഡിസംബർ 13 നാണ് സായ്പുങ് പ്രദേശത്തെ റാറ്റ് ഹോൾ മൈനിങ്ങിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. ഖനിക്കുള്ളിൽ വെള്ളം നിറഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെടാൻ കാരണം. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വിലങ്ങു തടിയായത്.

25 കുതിര ശക്തിയുളള പമ്പ് ഉപയോഗിച്ചാണ് നേരത്തേ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. അനധികൃത ഖനിയായതിനാൽ മുങ്ങൽ വിദഗ്​ധരെ സഹായിക്കാൻ സാധിക്കുന്ന ഭൂപടങ്ങളില്ല. വൻ പമ്പുകൾകൊണ്ടുവന്ന്​ വെള്ളം വറ്റിക്കാൻ ശ്രമിച്ചു. ഒരു ദിവസം മുഴുവൻ ശ്രമിച്ചിട്ടും ഒരു സെന്റീമീറ്റർപോലും ജലനിരപ്പ്​ കുറഞ്ഞിട്ടില്ല. 320അടിയുള്ള ഷാഫ്​റ്റ്​​ ഇറക്കിയപ്പോൾ 70 അടി പൂർണമായും വെള്ളത്തിൽ മുങ്ങി. കൽക്കരിയുമായി കലർന്ന്​ കറുത്ത നിറമായിരുന്നു വെള്ളത്തിന്​.

നൂറു കുതിരശക്തിയുളള പമ്പ് ഉപയോഗിച്ച് മാത്രമാണ് ഖനിയിലെ വെളളം പുറത്തേക്ക് കളയാനാവുക. എന്നാല്‍ പമ്പ് ഇതുവരെയും ലഭ്യമായിട്ടില്ല. മേഘാലയ സര്‍ക്കാരിന്റെ കൈവശം ഇത്രയും ശക്തിയുളള പമ്പ് ഇല്ല. 100 കുതിര ശക്തിയുളള പമ്പുകൾ വേണമെന്ന് എൻഡിആർഎഫ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടം ഇത് സംസ്ഥാനത്തിന് കൈമാറി. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല. എൻഡിആർഎഫിന്റെ 70 പേരടങ്ങിയ സംഘവും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ 22 പേരടങ്ങിയ സംഘവും സ്ഥലത്തുണ്ട്.

തൊഴിലാളികളുടെ മൂന്നു ഹെൽമറ്റുകൾ മാത്രമാണ് കഴിഞ്ഞ 14 ദിവസത്തിനിടയിൽ രക്ഷാസംഘത്തിന് കണ്ടെത്താനായത്. ഖനിക്കുളളിൽ എവിടെയാണ് തൊഴിലാളികൾ ഉള്ളതെന്നത് തങ്ങൾക്ക് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനം വൈകുന്നതെന്നാണ് സംഘം പറയുന്നത്.

രക്ഷാ സംഘം കണ്ടെത്തിയ ഹെൽമറ്റുകൾ

തൊഴിലാളികളെ രക്ഷിക്കാൻ ഫലപ്രദമായ രീതിയില്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മേഘാലയയിലെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ndrf indicates meghalaya miners may be dead rescue pumps of little use

Next Story
ക്രിസ്‌മസ് രാത്രിയിൽ സൈനികർക്ക് സർപ്രൈസ് നൽകി ഡോണൾഡ് ട്രംപ്
The moderation of comments is automated and not cleared manually by malayalam.indianexpress.com