ലക്‌നൗ: മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി എൻ.ഡി.തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിത് തിവാരിയുടെ ഭാര്യ അപൂർവ ശുക്ലെയെയാണ് അറസ്റ്റിലായത്. രോഹിത് തിവാരിയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അപൂർവ്വയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റമാണ് അപൂർവ്വയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അപൂർവ്വ കുറ്റം സമ്മതിച്ചതായി എസിപി രാജീവ് രഞ്ജൻ വ്യക്തമാക്കി. അപൂർവ്വയുടെ അറസ്റ്റോടെ രോഹിത് തിവാരിയുടെ മരത്തിലുണ്ടായിരുന്ന ദുരൂഹത നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് അപൂർവ്വ.

Also Read: എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത്തിന്റെ മരണം കൊലപാതകം

ഏപ്രിൽ 16നാണ്​ 40 കാരനായ രേഹിതിനെ വീടിനകത്ത്​ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. ആദ്യം ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു പ്രചരിച്ചിരുന്നത്​. പിന്നീടാണ്​ ​ശ്വാസം മുട്ടിയാണ്​ മരിച്ചതെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചത്​. അതോടെ, തലയിണകൾകൊണ്ട്​ ശ്വാസംമുട്ടിച്ച്​ കൊന്നതാകാമെന്ന നിഗമനത്തിലേക്ക്​ പൊലീസ്​ എത്തിച്ചേർന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് അപൂർവയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ പത്തിനാണ് വോട്ട് ചെയ്യാനായി തിവാരിയും കുടുംബവും ഉത്തരാഖണ്ഡിലേക്ക് പോയത്. ഏപ്രിൽ 15ന് മടങ്ങിയെത്തിയ രോഹിത് വഴിനീളെ മദ്യപിച്ചിരുന്നതായും എസിപി രാജീവ് രഞ്ജൻ പറഞ്ഞു.

ഏറെ നാളുകളായി ഇവർ തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നതായും മടങ്ങിയെത്തിയ രാത്രിയിലാണ് അപൂർവ രോഹിത്തിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണസംഘം അറിയിച്ചു. എന്നാൽ മുൻകൂട്ടി പദ്ധതിയിട്ടുള്ള കൊലപാതകമല്ല ഇതെന്നാണ് നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook