ന്യൂഡല്‍ഹി: കുമ്പസാരം അവസാനിപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതാവശ്യപ്പെട്ട് കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ വീ്ട്ടമ്മയെ കുമ്പസാരം രഹസ്യം ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ ക്രൈസ്തവ സഭകളില്‍ വര്‍ധിച്ചു വരുന്നതിനാല്‍ സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി കുമ്പസാരം തന്നെ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്. അതേസമയം, കേസില്‍ 15 ദിവസത്തിനകം കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ പഞ്ചാബ് ഡിജിപിയെ കാണുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

കേരളത്തില്‍ വൈദികര്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ കൂടിവരികയാണ്. പ്രതികള്‍ക്ക് വലിയ തോതില്‍ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. കേസുകളില്‍ പൊലീസ് അന്വേഷണത്തിന്റെ വേഗം പോരായെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ ബലാത്സംഗം ചെയ്തതായി അടുത്തിടെ യുവതി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ചില വൈദികര്‍ പൊലീസിനു മുമ്പാകെ കീഴടങ്ങുകയും അന്വേഷണം നേരിടുകയും ചെയ്യുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook