ശ്രീനഗർ: ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുളള വിജയിച്ചു. പിഡിപി സ്ഥാനാർഥിയായ നാസിർ അഹമ്മദ് ഖാനെ 9,900 വോട്ടുകൾക്കാണ് ഫാറൂഖ് അബ്ദുളള പരാജയപ്പെടുത്തിയത്. 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുളള പിഡിപി സ്ഥാനാർഥി താരിഖ് ഹമീദിനോട് പരാജയപ്പെട്ടിരുന്നു.

ഈ നിമിഷം തന്നെ ജമ്മു കശ്മീർ സർക്കാരിനെ പിരിച്ചുവിടണമെന്ന് കേന്ദ്രസർക്കാരിനോടും രാഷ്ട്രപതിയോടും അഭ്യർഥിക്കുന്നതായി തിരഞ്ഞെടുപ്പിൽ വിജയം നേടിയശേഷം ഫാറൂഖ് അബ്ദുളള പറഞ്ഞു. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അതിനുശേഷം പുതിതായി തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വിജയിപ്പിച്ച ശ്രീനഗറിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ജമ്മു കശ്മീരില ജനങ്ങൾ നാഷനൽ കോൺഫറൻസിനെയാണ് പിന്തുണയ്ക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽനിന്നും വ്യക്തമായതായും ഫാറൂഖ് അബ്ദുളള പറഞ്ഞു.

ഈ മാസം പത്തിന് നടന്ന തിരഞ്ഞെടുപ്പിൽ ആകെ 7.13 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംഘർഷ സാധ്യത നിലനിന്ന 38 ഇടങ്ങളിൽ കഴിഞ്ഞ വെളളിയാഴ്ച റീപോളിങ് നടത്തിയിരുന്നു. റിപോളിങ്ങിൽ രണ്ടു ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

കശ്മീരിൽ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. മുന്നൂറോളം നാട്ടുകാർക്കും നൂറോളം അർധസൈനിക പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണുണ്ടായത് 6.5%. 2014ലെ തിരഞ്ഞെടുപ്പിൽ ശ്രീനഗറിൽ 26% പോളിങ് രേഖപ്പെടുത്തിയിരുന്നു. വിഘടനവാദി സംഘടനകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഇവിടെ ആഹ്വാനം ചെയ്തിരുന്നു.

ഗന്ധർബാലിലെ പൊലീസ് സ്റ്റേഷൻ പെട്രോൾ ബോംബുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ കത്തിച്ചു. ചിലയിടങ്ങളിൽ പോളിങ് ബൂത്തിനും വാഹനങ്ങൾക്കും അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു. പലയിടത്തും വ്യാപകമായ കല്ലേറുമുണ്ടായി. ബദ്ഗാം, ഗന്ധർബാൽ, ശ്രീനഗർ ജില്ലകൾ അടങ്ങിയതാണു ലോക്‌സഭാ മണ്ഡലം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ