മുംബൈ: മഹാരാഷ്ട്രയില്‍ ശക്തി തെളിയിച്ച് ത്രികക്ഷി സഖ്യം. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ മുംബൈയില്‍ ശക്തിപ്രകടനം നടത്തി. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉണ്ടെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നും ഗവര്‍ണറോട് മഹാസഖ്യം ആവശ്യപ്പെട്ടും. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാര്‍ സംഘടിച്ച് ശക്തിപ്രകടനം നടത്തിയത്. 162 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് മഹാസഖ്യം അവകാശപ്പെട്ടു. ഹയാത്ത് ഹോട്ടലില്‍ 162 പേര്‍ എത്തിയതായി മഹാസഖ്യം അവകാശപ്പെടുന്നുണ്ട്.

തങ്ങൾ 162 പേരുണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു. ബിജെപി സർക്കാർ ഉടൻ രാജിവയ്‌ക്കണമെന്നും ത്രികക്ഷി സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

Read Also: ഉള്ളിയെ തൊട്ടാല്‍ കൈ പൊള്ളും; വില കുതിച്ചുയരുന്നു

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ശക്തി രാജ്യത്തെ കാണിക്കാൻ വേണ്ടിയാണ് എംഎൽഎമാർ ഒന്നിച്ചുകൂടിയതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ പറഞ്ഞു. വെളിച്ചത്ത് കാണിക്കാനുള്ള ശക്തിയാണ് തങ്ങൾക്കുള്ളതെന്ന് ബിജെപിയെ പരോക്ഷമായി പരാമർശിച്ച് താക്കറെ പറഞ്ഞു. ഞങ്ങൾ തിരിച്ചുവരുമെന്നല്ല, തിരിച്ചുവന്നിരിക്കുന്നു എന്ന് പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താക്കറെ പറഞ്ഞു.

തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ശക്തിയുണ്ടെന്നും അതിനു സാധിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. അജിത് പവാറിന് വിപ്പ് നൽകാനുള്ള അധികാരം ഇല്ലെന്നും ശരദ് പവാർ വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ശിവസേന നേരത്തെ അവകാശപ്പെട്ടിരുന്നു. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാര്‍ സമ്മേളിക്കുന്നുണ്ടെന്നും രാത്രി ഏഴിന് അത് വന്ന് കാണണമെന്നും മഹാരാഷ്ട്ര ഗവര്‍ണറോട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെടുകയായിരുന്നു. ട്വിറ്ററിലൂടെയാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പറഞ്ഞത്.

Read Also: മമ്മൂക്ക എവിടെ എന്ന് ആരാധകൻ; അടുത്തവർഷം ഉണ്ടാകുമെന്ന് സുഹാസിനി

മഹാരാഷ്ട്ര കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചു. എന്നാൽ, കേസിൽ നാളെയായിരിക്കും കോടതി വിധി പറയുക. ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നതിനെതിരെ ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജികളിൽ നാളെ 10.30 ന് സുപ്രീം കോടതി വിധി പറയും. മഹാരാഷ്ട്രയിൽ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികൾ പരമോന്നത കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് വാദം പൂർത്തിയാക്കി ഉത്തരവ് പറയാൻ നാളത്തേക്ക് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook