പൂനെ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാമെന്ന ഉറപ്പാണ് അജിത് പവാറിന് ബിജെപി നൽകിയതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ചില എൻസിപി എംഎൽഎമാരെ ഗുഡ്ഗാവിലെ ഹോട്ടലിൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ശിവസേന പ്രവർത്തകരാണ് അവരെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

”അജിത് പവാറിനൊപ്പം ഇപ്പോൾ രണ്ടു എംഎൽഎമാർ മാത്രമാണുളളത്. ഗുഡ്ഗാവ് ഹോട്ടലിൽനിന്നും ചില എംഎൽഎമാരെ ഞങ്ങൾ രക്ഷപ്പെടുത്തി. ഹരിയാന പൊലീസും ഗുണ്ടകളുമാണ് അവർക്ക് കാവൽ നിന്നിരുന്നത്. എങ്ങനെയാണ് തങ്ങൾക്കെതിരെ തന്ത്രങ്ങൾ പ്രയോഗിച്ചതെന്ന് ദൗലത്ത് ദറോഡ, അനിൽ പാട്ടീൽ അടക്കമുളള എംഎൽഎമാർ ഞങ്ങളോട് പറഞ്ഞു. ഇതിൽനിന്നും മനസിലാകുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിനുവേണ്ടി അവർ ഏതറ്റംവരെയും പോകുമെന്നതാണ്. ജനാധിപത്യത്തിന് ഇത് നല്ലതല്ല” റാവത്ത് പറഞ്ഞു.

Read Also: എന്നും എൻസിപിയിൽ തന്നെ, ശരദ് പവാറാണ് ഞങ്ങളുടെ നേതാവ്: അജിത് പവാർ

അവർക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും ബിജെപിയുടെ പേരെടുത്തു പരാമർശിക്കാതെ റാവത്ത് പറഞ്ഞു. എന്തിനാണ് അവർ കൊളളക്കാരെപ്പോലെ പെരുമാറുന്നത്. അവർ പ്രസിഡന്റിനെയും ഗവർണറെയും മഹാരാഷ്ട്ര ജനങ്ങളെയും വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങൾക്ക് 20 മന്ത്രി സ്ഥാനങ്ങൾ വാഗ്‌ദാനം ചെയ്തതായി എംഎൽഎമാർ പറഞ്ഞു. അജിത് പവാറിന് രണ്ടര വർഷം മുഖ്യമന്ത്രി പദവിയാണ് വാഗ്‌ദാനം ചെയ്തത്. എന്തു തന്നെയായാലും വിശ്വാസ വോട്ടെടുപ്പിൽ ഞങ്ങൾ ഭൂരിപക്ഷം തെളിയിക്കും. അപ്പോൾ അവരെക്കാൾ ഞങ്ങളുടെ പക്ഷത്ത് 10 പേർ കൂടുതലായിരിക്കുമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook