അഹമ്മദാബാദ്: ഭിന്നതകൾ രമ്യമായി പരിഹരിച്ചതോടെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിക്കാൻ എൻസിപി തീരുമാനിച്ചു. രണ്ടാം ഘട്ട സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചതോടെയാണ് സഖ്യം തുടർന്നത്.

ആദ്യഘട്ടത്തില്‍ തങ്ങൾ ആവശ്യപ്പെട്ട അത്രയും സീറ്റ് നൽകാൻ കോണ്‍ഗ്രസ് മടിച്ചതോടെയാണ് തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് എൻസിപി എത്തിയത്. രണ്ടാം ഘട്ടത്തിൽ ഒൻപത് സീറ്റാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്‍സിപിക്ക് നല്‍കുന്ന സീറ്റിന്റെ കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി പറഞ്ഞത്. നവബംർ 27 ന് രണ്ടാംഘട്ട നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയ്യതിയാണ്.

ശക്തമായ പ്രചാരണം നടക്കുന്ന ഗുജറാത്തിൽ രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോർബന്തറിൽ എത്തി. കീർത്തി മന്ദിർ സന്ദർശിച്ച അദ്ദേഹം മുക്കുവ സമൂഹവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വൈകിട്ട് അഹമ്മദാബാദിനടുത്ത് നികോളില്‍ പ്രചാരണയോഗത്തിൽ പ്രസംഗിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ