ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി, മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ, ഹിന്ദു തീവ്രവാദികളുടെ പങ്ക്, 2002 ലെ ഗുജറാത്ത് കലാപം എന്നിവയെക്കുറിച്ചുള്ള ചില വാചകങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. ഇതുസംബന്ധിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ച അധികൃതര്‍ പാഠഭാഗങ്ങളില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ അറിയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നീക്കം ചെയ്ത ഭാഗങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുത്തിയിരുന്നില്ല, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ചെറിയ മാറ്റങ്ങളെ കുറിച്ച് അറിയിക്കാത്തതെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.
യുക്തിസഹമായി പുസ്തകളില്‍ കൊണ്ടുവന്ന മാറ്റങ്ങളും വിശദാംശങ്ങളും പാഠപുസ്തകത്തോടൊപ്പം പിഡിഎഫ് രൂപത്തില്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, തൽപരകക്ഷികളുടെ നിര്‍ദോശങ്ങള്‍ കണക്കിലെടുത്ത് പാഠപുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം എല്ലാ വര്‍ഷവും നടക്കുന്ന ഒരു പതിവ് പ്രക്രിയയാണെന്നും അറിയിക്കുന്നതായി എന്‍സിഇആര്‍ടി പ്രസ്താവന പറയുന്നു.
2022 ജൂണില്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവരുന്ന പ്രധാനമാറ്റങ്ങളുടെ ലിസ്റ്റ് എന്‍സിഇആര്‍ടി പുറത്തുവിട്ടിരുന്നു. എന്നാല്‍ മഹാത്മ ഗാന്ധിയുടേതുള്‍പ്പെടെയുള്ള പ്രസക്തഭാഗങ്ങള്‍ നീക്കം ചെയ്തതായി അറിയിപ്പ് നല്‍കിയിരുന്നില്ല.
2022-2023 അക്കാഡമിക് സെഷനില്‍ നടത്തിയ യുക്തിസഹമായ മാറ്റത്തിന് ശേഷം പാഠഭാഗങ്ങള്‍ നീക്കം ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. ആവര്‍ത്തനം, ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ പ്രസക്തമോ കാലഹരണപ്പെട്ടതോ അല്ലാത്തത്, ബുദ്ധിമുട്ടുള്ളതോ, കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതും സ്വയം പഠനത്തിലൂടെയോ സമപ്രായക്കാരുടെ പഠനത്തിലൂടെയോ പഠിക്കാന്‍ കഴിയുന്നതുമായ ഉള്ളടക്കം എന്നീ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
എന്‍സിഇആര്‍ടി ആന്തരിക വിദഗ്ധരെ കൂടാതെ ഡല്‍ഹി സര്‍വകലാശാല, ഐസിഎച്ച്ആര്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവയുടെ ഫാക്കല്‍റ്റിയില്‍ നിന്ന് 25 ബാഹ്യ വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് പാഠഭാഗങ്ങളിലെ മാറ്റങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ പുതിയ മാറ്റങ്ങളെ പ്രതിപക്ഷവും പ്രമുഖരും ചോദ്യം ചെയ്തിട്ടുണ്ട്.