ന്യൂഡൽഹി: ഗുജറാത്തിൽ 800 ലധികം മുസ്ലിങ്ങളെ കൊന്നൊടുക്കിയ 2002 ലെ കലാപം മുസ്ലിം വിരുദ്ധമല്ലെന്ന് എൻസിഇആർടി പാഠപുസ്തകം. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് പ്രകാരം “മുസ്ലിം വിരുദ്ധ കലാപം” എന്ന ഭാഗം പന്ത്രണ്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാൻ എൻസിഇആർടി തീരുമാനിച്ചതായാണ് വിവരം.

ഈ തീരുമാനം സിബിഎസ്ഇ പ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്ത എൻസിഇആർടി യുടെ കോഴ്സ് റിവ്യു യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2007 ൽ ഒന്നാം യുപിഎ ഗവൺമെന്റിന്റെ കാലത്താണ് പന്ത്രണ്ടാം ക്ലാസിലെ പാഠഭാഗത്ത് മുസ്ലിം വിരുദ്ധ കലാപം എന്ന് കൂട്ടിച്ചേർത്തത്.

പാഠപുസ്തകത്തിലെ ഉള്ളടക്കം പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളത്.

2002 ൽ നടന്ന ഗുജറാത്ത് കലാപത്തിൽ 800 ലധികം മുസ്ലി മത വിഭാഗക്കാരും 250 ലധികം ഹിന്ദു മത വിഭാഗക്കാരും കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. ഫിബ്രവരി-മാർച്ച് മാസങ്ങളിലായി നടന്ന കലാപം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ കലാപങ്ങളിൽ ഒന്നായിരുന്നു.

ഗോധ്ര തീവണ്ടിയിൽ 57 ഹിന്ദു സന്യാസികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം പാഠപുസ്തകത്തിൽ ഭേദഗതികളുണ്ടെന്നും ഇത് പുസ്തകം കൈയ്യിൽ കിട്ടുമ്പോൾ മനസിലാകുമെന്നും എൻസിഇആർടി ഉന്നതൻ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു.

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠഭാഗത്തിലെ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം എന്ന ചാപ്റ്ററിന് കീഴിലാണ് ഈ ഭാഗമുള്ളത്. 187ാം പേജിൽ ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം എന്ന തലക്കെട്ടിന് താഴെയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

അന്ന് ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാരിനെ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ കണക്കറ്റ് ശകാരിച്ചതും പാഠഭാഗത്തിലുണ്ട്. ഉപതലക്കെട്ടുകൾ മാത്രം മാറ്റാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മുകാശ്മീരിലെ പാക് നിയന്ത്രിത പ്രദേശത്തെ കാണിക്കുന്ന മാപ് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനും എൻസിആർടി തീരുമാനിച്ചതായാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook