/indian-express-malayalam/media/media_files/uploads/2023/06/Suhas-Palshikar-Yogendra-Yadav.jpg)
സുഹാസ് പാൽഷിക്കർ, യോഗേന്ദ്ര യാദവ്
ന്യൂഡൽഹി: പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന മുൻ മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പാൽഷിക്കറുടെയും യോഗേന്ദ്ര യാദവിന്റെയും ആവശ്യം കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) തള്ളി. പകർപ്പവകാശ ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്താനുള്ള അതിന്റെ അവകാശത്തെ ഊന്നിപ്പറഞ്ഞ എൻസിഇആർടി, പാഠപുസ്തകങ്ങൾ ഒരു കൂട്ടായ പ്രയത്നത്തിന്റെ ഫലമായതിനാൽ അസോസിയേഷനിലെ ഏതെങ്കിലും ഒരു അംഗം ആവശ്യപ്പെട്ടാൽ പേര് നീക്കം ചെയ്യാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
2006-07ൽ പ്രസിദ്ധീകരിച്ച 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെ മുഖ്യ ഉപദേശകരായിരുന്നു സുഹാസ് പാൽഷിക്കറും യോഗേന്ദ്ര യാദവും. അംഗീകരിക്കാനാവാത്തത്ര വെട്ടും തിരുത്തുമാണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ വരുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഡി.എസ്.സക്‌ലനിക്ക് കത്തെഴുതിയത്.
ഒരു യുക്തിയുമില്ലാതെയുള്ള വെട്ടും തിരുത്തും അംഗീകരിക്കാനാവില്ല. ഏതൊരു പാഠപുസ്തകത്തിനും ഒരു ലോജിക് ഉണ്ടെന്നും അനിയന്ത്രിതമായ വെട്ടിമുറിക്കലുകളും ഇല്ലാതാക്കലും പുസ്തകങ്ങളുടെ അത്തസത്തയെ ചോദ്യം ചെയ്യും. അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താൻ വേണ്ടിയല്ലാതെ ഒരു യുക്തിയും ഇതിൽ ഉള്ളതായി തോന്നുന്നില്ലെന്നും ഇരുവരും കത്തിൽ പറഞ്ഞിരുന്നു.
പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതോടെ പാഠപുസ്തക വികസന സമിതികൾ (അതിൽ യാദവും പാൽഷിക്കറും അംഗങ്ങളായിരുന്നു) ഇല്ലാതായെന്നും വിദ്യാഭ്യാസ സാമഗ്രികളുടെ പകർപ്പവകാശം സമിതിയിൽ നിന്ന് സ്വതന്ത്രമായി കൗൺസിലിൽ നിലനിൽക്കുമെന്നും വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ കൗൺസിൽ വ്യക്തമാക്കി. പാഠപുസ്തക വികസന സമിതിയിലെ എല്ലാ അംഗങ്ങളും ഇക്കാര്യം രേഖാമൂലം സമ്മതിച്ചതായും അതിൽ പറയുന്നു. എല്ലാ പാഠപുസ്തകങ്ങളിലും എല്ലാ ഉപദേഷ്ടാക്കളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകൾ അച്ചടിക്കുന്നത് തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി.
ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങൾ വിവാദത്തിലായിരുന്നു. മുഗള്‍ ചരിത്രം, 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങൾ, ജാതി വ്യവസ്ഥ, ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍, പീരിയോഡിക് ടേബിള്‍, പ്രതിഷേധങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള അധ്യായങ്ങൾ തുടങ്ങി പ്രസക്തമായ ഭാഗങ്ങളെല്ലാം ഒഴിവാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.