ന്യൂഡല്‍ഹി: താടി വളര്‍ത്തിയതിന്റെ പേരില്‍ 10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ നാഷണല്‍ കേഡറ്റ് കോപ്സ് (എന്‍സിസി) ക്യാംപില്‍ നിന്നും പുറത്താക്കി. താടി വടിക്കണമെന്നും അല്ലെങ്കില്‍ രോഹിണിയില്‍ നടക്കുന്ന ക്യാംപില്‍ നിന്ന് പുറത്തുപോകണമെന്നും അധികൃതര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

എന്നാല്‍ താടി വടിക്കാന്‍ വിസമ്മതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്. പുറത്താക്കിയതിന്റെ കാരണം ചോദിച്ചപ്പോള്‍ ‘അച്ചടക്കമില്ലായ്മ’ എന്നാണ് നോട്ടീസില്‍ അധികൃതര്‍ സൂചിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഞായറാഴ്ച രാത്രി പുറത്താക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി.

ഇവര്‍ ജാമിയ വിസിക്ക് പരാതി നല്‍കുകയും ചെയ്തു. താടി വളര്‍ത്തുന്നത് മതപരമായ നിര്‍ബന്ധമായത് കൊണ്ടാണെന്ന് ക്യാംപിന്റെ ആദ്യ ദിവസം തന്നെ എഴുതി നല്‍കിയതായി പുറത്താക്കപ്പെട്ട ദില്‍ഷാദ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ആറാം ദിവസമാണ് അധികൃതര്‍ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയതെന്നും ദില്‍ഷാദ് ആരോപിക്കുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ സിഖുകാരെ തലപ്പാവും താടിയും വയ്ക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും എന്‍സിസിയുടെ കീഴില്‍ ഇത്തരം നിയമങ്ങളൊന്നുമില്ലെന്നിരിക്കെയാണ് നടപടിയെന്ന് ഒരു വിദ്യാര്‍ത്ഥി ആരോപിച്ചു. അതേസമയം അച്ചടക്കമില്ലായ്മ കാരണമാണ് ഇവര്‍ക്കെതിരെ നടപടി എടുത്തതെന്ന് ലഫ്റ്റനന്റ് കേണല്‍ എസ്ബിഎസ് യാദവ് പറഞ്ഞു. ഇവരെ പുറത്താക്കിയിട്ടില്ലെന്നും താടി വടിച്ചില്ലെങ്കില്‍ പുറത്ത് പോവാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പട്ടാളത്തില്‍ ഇതാണ് ചിട്ടയെന്നും സിഖുകാര്‍ ഒഴികെ മറ്റെല്ലാവരും താടി വടിക്കണമെന്നാണ് താന്‍ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജാമിയ വൈസ് ചാന്‍സിലര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook