മുംബൈ: കഞ്ചാവിന്റെ സത്ത് ചേര്‍ത്ത് കേക്ക് നിര്‍മിച്ചുനല്‍കിയ മൂന്നു പേര് മുംബൈയിൽ അറസ്റ്റില്‍.മാലാഡിനു സമീപമുള്ള ഒര്ലം മേഖലയിലെ ബേക്കറിയിലാണ് സംഭവം. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമായ രീതിയില്‍ കഞ്ചാവ് കലര്‍ന്ന 830 ഗ്രാം കേക്കും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആദ്യം ബേക്കറി ഉടമകളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന്, കഞ്ചാവ് എത്തിച്ചു നല്‍കിയത് ജഗത് ചൗരാസിയ ആണെന്ന് എന്‍.സി.ബിക്ക് വിവരം ലഭിച്ചു. ഇയാളെ ഞായറാഴ്ച പിടികൂടി. 125 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു.
യുവാക്കള്‍ക്കിടയില്‍ ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന പുതിയ പ്രവണത കാണുന്നതായി എന്‍.സി.ബി ഉദ്യോഗസ്ഥന് വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ച് ഭക്ഷ്യയോഗ്യമായ രീതിയില്‍ കേക്ക് ഉണ്ടാക്കുന്ന കേസ് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. ഇപ്രകാരം കഞ്ചാവ് ഉപയോഗിക്കുന്നത് കൂടുതല്‍ നേരം ലഹരി കിട്ടാൻ സഹായിക്കുന്നു.
Also Read: ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
“വെണ്ണ, പാല്, എണ്ണ തുടങ്ങി കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഞ്ചാവ് ചേര്‍ക്കുന്നതിനായി ഉപയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ കഞ്ചാവ് അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും, സാധാരണ ബേക്കറി ഉത്പന്നങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണ്. നേരിയ പച്ച മയവും, ചെറിയ തോതില്‍ കഞ്ചാവിന്റെ മണവും ഉണ്ടായിരിക്കും,” എന്‍.സി.ബി ഉദ്യോഗസ്ഥന് പറഞ്ഞു.