മുംബൈ: മുംബൈയിൽ ആഡംബര കപ്പലിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഒരു ബിജെപി നേതാവിന്റെ ഭാര്യാ സഹോദരനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്.
ബിജെപി നേതാവ് മോഹിത് കംഭോജിന്റെ ഭാര്യാ സഹോദരനായ റിഷഭ് സച്ച്ദേവിനെ എൻസിബി പിടികൂടിയെന്നും, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിട്ടയച്ചുവെന്നും മാലിക് പറയുന്നു. ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സച്ചിദേവിനെ എൻസിബി വിട്ടയച്ചതെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയിലെ യുവമോർച്ച മുൻ പ്രസിഡന്റാണ് കംഭോജ്.
ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്ഡിൽ എൻസിബി 11 പേരെ പിടികൂടിയെങ്കിലും സച്ച്ദേവ്, പ്രതിക് ഗാബ, അമീർ ഫർണിച്ചർവാല എന്നീ മൂന്ന് പേരെ വിട്ടയച്ചതായി മാലിക് പറഞ്ഞു.
“റെയ്ഡിൽ എട്ട് പത്ത് പേരെ പിടികൂടിയതിനെക്കുറിച്ച് എൻസിബി ഡയറക്ടർ സമീർ വാങ്ക അവ്യക്തമായ പ്രസ്താവന നൽകിയിരുന്നു. റെയ്ഡിനിടെ ക്രൂയിസിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. മുംബൈ പോലീസിന്റെ പക്കൽ രാവിലെ വരെ ഇതേ വിവരം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് എട്ടായി ചുരുങ്ങി, മൂന്ന് പേരെ വിട്ടയച്ചു, ”മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാലിക് പറഞ്ഞു.
മൂന്നുപേരെ പിടികടിയ ശേഷം മോചിപ്പിച്ചെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന വീഡിയോകളും മന്ത്രി കാണിച്ചു. വിട്ടയച്ച ഈ മൂന്ന് പേർ ക്ഷണിച്ചിട്ടാണ് ആര്യൻഖാൻ കപ്പലിൽ പോയിരുന്നതെന്നും മാലിക് പറഞ്ഞു.
“രണ്ട് മണിക്കൂറിന് ശേഷം സച്ദേവിനെ വിട്ടയച്ചു, അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. മൂന്ന് പേരെയും ഒരേ സമയം വിട്ടയച്ചു. ഗാബയുടെയും ഫർണിച്ചർവാലയുടെയും പേരുകൾ കോടതിയിൽ വാദം കേൾക്കുന്നതിനിടയിൽ വാദങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ മൂവരുടെയും ക്ഷണം സ്വീകരിച്ചാണ് ആര്യൻ ഖാൻ അവിടെ പോയത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ആര്യന് ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി
“എൻസിബിയോട് ഞങ്ങളുടെ ചോദ്യം, 1,300 ആളുകളുള്ള ഒരു കപ്പലിൽ നിങ്ങൾ റെയ്ഡ് ചെയ്യുകയും എൻസിബി ഓഫീസിലേക്ക് അന്വേഷണത്തിനായി കൊണ്ടുവന്ന 11 പേരെ മാത്രം തടഞ്ഞുവയ്ക്കുകയും ചെയ്തു എന്നതാണ്. ആരുടെ നിർദ്ദേശപ്രകാരമാണ് ഈ മൂന്ന് പേരെ വിട്ടയച്ചതെന്ന് എൻസിബി വ്യക്തമാക്കണം. അവരെ വിട്ടയക്കാൻ മഹാരാഷ്ട്രയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ബിജെപി നേതാക്കൾ ഫോൺ വിളിച്ചെന്നാണ് ഞങ്ങളുടെ വിവരം,” എൻസിബി മന്ത്രി പറഞ്ഞു,
അവരെ എൻസിബി ഓഫീസിൽ കൊണ്ടുവന്ന് വിട്ടയച്ചതിനു പിന്നിലെ കാരണങ്ങൾ അറിയണമെന്ന് അദ്ദേഹം പറഞ്ഞു. “1300 പേരിൽ 11 പേരെ തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ എന്തിന് മൂന്ന് പേരെ വിട്ടയച്ചു എന്ന് എൻസിബി മറുപടി പറയണം. ഇത് വ്യക്തമാക്കാൻ ഞങ്ങൾ വാംഖഡെയോട് ആവശ്യപ്പെടുന്നു. മൂന്ന് പേരെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവരാനുള്ള കാരണം എന്തായിരുന്നു, അവരെ വിട്ടയക്കുന്നതിനായി എന്ത് അന്വേഷണം പൂർത്തിയാക്കി?” മാലിക് ചോദിച്ചു.
ചില സെലിബ്രിറ്റികളെ വിളിച്ചു വരുത്തി കുടുക്കാനുള്ള ശ്രമമാണ് സംഭവത്തിൽ നടന്നതെന്നും കപ്പലിലെ റെയ്ഡിനെത്തുടർന്നുള്ള കേസ് മുഴുവനും കെട്ടിച്ചമച്ചതാണെന്നും മന്ത്രി പറഞ്ഞു.
വാട്ട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് മുഴുവൻ അന്വേഷണവും പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. “എൻസിബി ഈ മൂന്ന് പേരുടെയും ഫോണുകളിൽ അവരുടെ ചാറ്റുകൾ പരിശോധിച്ചോ? ക്രൂയിസ് കപ്പൽ റെയ്ഡ് ചെയ്ത കേസ് മുഴുവൻ കെട്ടിച്ചമച്ചതാണ്. ചില സെലിബ്രിറ്റികളെ അവിടേക്ക് എത്തിക്കാൻ ഒരു പദ്ധതി ആവിഷ്കരിച്ചു, ആ സെലിബ്രിറ്റികളെ അതിൽ കുടുക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
വിട്ടയച്ച ആളുകളുടെ കോൾ റെക്കോർഡുകൾ ലഭിക്കാൻ മാലിക് മുംബൈ, മഹാരാഷ്ട്ര പോലീസിനോട് ആവശ്യപ്പെട്ടു. “സമീർ വാങ്കഡെയുടെ കോൾ വിശദാംശങ്ങളും ലഭിക്കണം. സച്ച്ദേവിന്റെ പിതാവിന്റെ മൊബൈലിൽ നിന്ന്, ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും ബിജെപി നേതാക്കളും വാങ്കഡെയും തമ്മിൽ സംഭാഷണങ്ങൾ നടന്നതായി ഞങ്ങൾക്ക് തോന്നുന്നു. കോൾ വിശദാംശങ്ങൾ ലഭിക്കുകയാണെങ്കിൽ, തടങ്കലിലാക്കലിനും മോചിപ്പിക്കലിനും പിറകിലെ യഥാർത്ഥ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവരും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച എൻസിബി, 14 പേരെ ഓഫീസിലേക്ക് കൊണ്ടുവന്നുവെന്നും അതിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേർക്ക് എതിരെ തെളിവുകൾ ലഭിക്കാത്തതിനാൽ അവരെ പോകാൻ അനുവദിക്കുകയും ചെയ്തുവെന്ന് പറഞ്ഞു.