മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്ത കേസില്‍ ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി. ആര്യൻ ഖാൻ സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവുകൾ നശിപ്പിച്ചേക്കാമെന്നും വാദങ്ങൾ ഉന്നയിച്ച് ജാമ്യാപേക്ഷയെ എൻസിബി ശക്തമായി എതിർത്തു. തുർന്ന് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ എന്നിവരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളി. ഇവർക്ക് ജാമ്യത്തിനായി സ്പെഷ്യൽ എൻഡിപിഎസ് കോടതിയിൽ അപേക്ഷ നൽകാവുന്നതാണ്.
ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയുടെ യോഗ്യത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയില്‍ ചോദ്യം ചെയ്തു. ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ കോടതിയോട് പറഞ്ഞു.
“എനിക്ക് 23 വയസ്സുണ്ട്, ലഹരി മരുന്നുമായി ബന്ധപ്പെട്ട് മുൻ അനുഭവങ്ങളില്ല. പിടികൂടിയത് മുതല്‍ അവര്‍ എന്നെ പരിശോധിച്ചതാണ്. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. എല്ലാ വിവരങ്ങളും ശേഖരിക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി മൊബൈൽ അയക്കുകയും ചെയ്തു,” ആര്യന്‍ ഖാനുവേണ്ടി സതീഷ് മനേഷിന്ദെ കോടതിയില്‍ പറഞ്ഞു.
“ആദ്യ ദിവസം മുതൽ ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആർച്ചിത് കുമാറുമായുള്ള ബന്ധം തുടക്കത്തിലെ പുറത്തു വന്നതാണ്. അന്വേഷണ സംഘം ആവശ്യത്തിന് സമയം എടുക്കുകയും ചെയ്തു. അന്വേഷണത്തിന് ഞാന്‍ ആവശ്യമാണെന്ന വാദം സുപ്രീം കോടതി തള്ളിയിരുന്നു. ജാമ്യത്തിലിറങ്ങിയാലും ചോദ്യം ചെയ്യാനും അന്വേഷണം നടത്താനും സാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി,” സതീഷ് മനേഷിന്ദെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്. കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മറ്റ് ആറ് കുറ്റാരോപിതര്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു.