ന്യൂഡല്‍ഹി: മുംബൈ ലഹരി മരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ്. കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറൊ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റവിമുക്തരാക്കിയ ആറ് പേരില്‍ ആര്യനുമുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. 14 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
“പ്രത്യേക അന്വേഷണ സംഘം കേസ് വസ്തുനിഷ്ഠമായ രീതിയിലാണ് അന്വേഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 14 പേർക്കെതിരെ എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പരാതി നൽകുന്നുണ്ട്. മതിയായ തെളിവില്ലാത്തതിനാൽ ബാക്കിയുള്ള ആറ് പേരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി,” എന്‍സിബി പ്രസ്താവനയില്‍ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടാം തീയതിയാണ് മുംബൈ അന്താരാഷ്ട്ര പോര്‍ട്ട് ടെര്‍മിനലില്‍ വച്ച് ആര്യന്, വിക്രാന്ത്, ഇഷ്മീത്, അര്‍ബാസ്, ഗോമിത് എന്നിവരേയും നുപുര്‍, മോഹക്, മുന്മുന് എന്നിവരെ ആഡംബര കപ്പലില്‍ വച്ചു എന്‍സിബി കസ്റ്റഡിയിലെടുത്തത്. ആര്യനും മോഹക്കും ഒഴികെയുള്ളവര്‍ മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തിയിരുന്നു.
ഓക്ടോബര്‍ മൂന്നിന് അറസ്റ്റ് ചെയ്യപ്പെട്ട ആര്യന് ഖാന് 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 30 നാണ് മോചിതനായത്. 14 വ്യവസ്ഥകളോടെയാണു ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂവരോടും പാസ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും കേസില്‍ വിചാരണ ആരംഭിച്ചാല്‍ ‘ഒരു തരത്തിലും വൈകിപ്പിക്കാന്‍ ശ്രമിക്കരുത്’ എന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് നിതിന്‍ ഡബ്ല്യു സാംബ്രെ ജാമ്യ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
ഒരു ലക്ഷം രൂപ വീതമോ അതിലധികമോ ഉള്ള വ്യക്തിഗത ബോണ്ടില്‍ ആള്‍ജാമ്യത്തില്‍ വിട്ടയക്കാനാണു ഹൈക്കോടതി ഉത്തരവ്. നടിയും ഷാരൂഖ് ഖാന്റെ സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യന് ഖാനു ജാമ്യം നിന്നത്. ഇതിനായി ജൂഹി ചൗള പ്രത്യേക എന്‍ഡിപിഎസ് കോടതിയില്‍ ഹാജരായിരുന്നു.
കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ അന്വേഷണ ചുമതല മുംബൈ എന്സിബിക്കായിരുന്നു. പിന്നീട് ന്യൂഡല്‍ഹി എന്‍സിബിയുടെ കീഴിലുള്ള പ്രത്യേക അന്വേഷ സംഘമാണ് തുടരന്വേഷണം നടത്തിയത്. സഞ്ജയ് കുമാര്‍ സിങ്ങായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്.