ന്യൂഡല്‍ഹി: മുൻ സുപ്രീം കോടതി ജഡ്ജി എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു വലിയ ഭീഷണിയാണ് തീരുമാനമെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു. വിരമിച്ച് ആഴ്ചകള്‍ക്കുള്ളിലാണു മുന്‍ ജഡ്ജിയെ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.
അയോധ്യ ഭൂമി തർക്കം, മുത്തലാഖ് തുടങ്ങിയ സുപ്രധാനമായ കേസുകൾ കേട്ട സുപ്രിം കോടതി ബെഞ്ചുകളുടെ ഭാഗമായിരുന്നു ജസ്റ്റിസ് (റിട്ട.) നസീർ. ജനുവരി നാലിനാണ് അദ്ദേഹം വിരമിച്ചത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെയെല്ലാം ഭരണകക്ഷിയായ ബിജെപി തള്ളി. മുൻകാലങ്ങളിൽ പലതവണ ജഡ്ജിമാരെ വിവിധ സ്ഥാനങ്ങളിൽ നിയമിച്ചിട്ടുണ്ടെന്നും എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനുണ്ടെന്നുമായിരുന്നു ബിജെപിയുടെ മറുവാദം.
അയോധ്യ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലെ മൂന്നാമത്തെ ജസ്റ്റിസായിരുന്നു നസീര്‍. ബെഞ്ചിന്റെ അധ്യക്ഷത വഹിച്ചിരുന്നതു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയായിരുന്നു. അദ്ദേഹത്തെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണിനെ വിരമിച്ച് നാലു മാസത്തിന് ശേഷം 2021-ൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചെയർപേഴ്‌സണായും നിയമിച്ചു.
2013-ല്‍ രാജ്യസഭയില്‍ അരുണ്‍ ജെയ്റ്റ്ലി നടത്തിയ പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയുടെ വിമര്‍ശം. വിരമിക്കലിനു ശേഷം പദവി ആഗ്രഹിക്കുന്നതു മുന്‍പുള്ള വിധികളെ സ്വാധീനിക്കുന്നു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്നും അഭിഷേക് പറഞ്ഞു. വ്യക്തികളെക്കുറിച്ചല്ല ഞങ്ങള്‍ ഇവിടെ സംസാരിക്കുന്നതെന്നും ഇത്തരം നിലപാടുകളെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്ന ശീലമാണു കോൺഗ്രസിനുള്ളതെന്നു ബിജെപി വക്താവ് അനിൽ ബലൂനി പറഞ്ഞു. “കഴിഞ്ഞ കാലങ്ങളില്‍ മുൻ ജഡ്ജിമാർ വിവിധ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ഭരണഘടന ജഡ്ജിമാരുടെ വിരമിക്കലിനു ശേഷമുള്ള നിയമനത്തിനെതിരെ ഒന്നും പറയുന്നില്ല,” രാജ്യസഭാംഗം കൂടിയായ ബാലുനി കൂട്ടിച്ചേര്‍ത്തു.
1958 ജനുവരി അഞ്ചിന് ജനിച്ച ജസ്റ്റിസ് നസീര്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നതു 2003-ലാണ്. 2017-ല്‍ സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഒരു ജഡ്ജിയെ ഉൾപ്പെടുത്താനും ബെഞ്ചിൽ വൈവിധ്യം ഉറപ്പാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു സുപ്രീം കൊളീജിയത്തിന്റെ തീരുമാനം.