പൂനെ: സോഫ്റ്റ് വെയർ എഞ്ഞ്ചിനീയറായ നയന പൂജാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾക്കും പൂനെയിലെ ശിവാജി നഗർ കോടതി വധശിക്ഷ വിധിച്ചു. 2009 ൽ നടന്ന സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

2011 ൽ വിചാരണ തുടങ്ങിയ ശേഷം കേസ് വാദം കേട്ട നാലാമത്തെ ജഡ്ജി എൽ.എൽ.യങ്കറാണ് മൂന്ന് പ്രതികളെയും വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. യോഗേഷ് റൗത്ത്, മഹേഷ് താകുർ, വിശ്വാസ് കതം എന്നിവരാണ് വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്. മൂന്ന് പേരും ബലാത്സംഗം(376), കൊലപാതം(302), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകൽ (361) വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

പൂനെയിൽ ഖരാദി എന്ന സ്ഥലത്ത് സ്വകാര്യ കമ്പനിയിൽ സോഫ്റ്റുവെയർ എഞ്ചിനീയറായ നയന പൂജാരിയെ 2009 ഒക്ടോബർ 7 നാണ് കാണാതായത്. ഖേദ് തലൂക്കയിലെ സരേവാദി കാട്ടിൽ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി കാറിനകത്ത് വച്ച് ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും, ഇവരുടെ എടിഎം കാർഡ് ഉപയോഗിച്ച് സംഘം പണം തട്ടിയെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

രാജേഷ് ചൗധരി എന്നയാളടക്കം നാല് പേരെയാണ് ആദ്യം പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാൽ കുറ്റം ഏറ്റുപറഞ്ഞതോടെ രാജേഷ് ചൗധരിയെ പൊലീസ് മാപ്പുസാക്ഷിയാക്കി. ഇയാളെ കുറ്റവിമുക്തനാക്കിയതെന്ന് കോടതിയാണെന്ന് കേസിൽ സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറായ ഹർഷദ് നംബൽക്കർ പറഞ്ഞു.

കേസ് വിചാരണ നടക്കുന്നതിനിടെ മുഖ്യപ്രതിയായ യോഗേഷ് റൗത്ത് 2011 സെപ്തംബർ 17 ന് പൂനെയിലെ സസൂൻ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുന്നതിനിടെ രക്ഷപ്പെട്ടിരുന്നു. ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ് ഷിർദിയിൽ നിന്നാണ് ഇയാളെ പൊലീസ് വീണ്ടും പിടികൂടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook