ബുധ്ഹാന (ഉത്തർ പ്രദേശ്): മതവികാരത്തെ വ്രണപ്പെടുത്തിയതിന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ സഹോദരനെതിരെ കേസെടുത്തു. അയാസുദ്ദീൻ സിദ്ദിഖിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഹിന്ദു യുവ വാഹിനി പ്രവർത്തകൻ ഭാരത് താക്കൂർ ആണ് അയാസുദ്ദീൻ സിദ്ദിഖിനെതിരെ പരാതി നൽകിയത്. ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാണ് പരാതിയിലുളളത്. അതേസമയം, തനിക്കെതിരെയുളള ആരോപണങ്ങൾ അയാസുദ്ദീൻ നിഷേധിച്ചു.

”ശിവ ഭഗവാന്റെ മോശം ചിത്രം ഒരാൾ എന്റെ ഫെയ്സ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തു. ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും അത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കമന്റ് ചെയ്യുകയാണ് ഞാൻ ചെയ്തത്. പക്ഷേ ഇപ്പോൾ എനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. പരാതിയെക്കുറിച്ച് അന്വേഷിക്കണം” നവാസുദ്ദീൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, അയാസുദ്ദീന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടുവെന്നും ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരം കമന്റ് അപകീര്‍ത്തികരമായ ഒരു ചിത്രത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും ബുധ്ഹാന സർക്കിൾ ഓഫിസർ ഹരി റാം യാദവ് പറഞ്ഞു.

മുസാഫർനഗറിലെ ബുധ്ഹാനയിലാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബം താമസിക്കുന്നത്. 2016 ൽ ബുധ്ഹാനയിലെ രാംലീല പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നവാസുദ്ദീനെയും സഹോദരൻ അയാസുദ്ദീനെയും ശിവസേന പ്രവർത്തകർ തടഞ്ഞിരുന്നു. ഇരുവരും മുസ്‌ലിം ആണെന്ന് പറഞ്ഞാണ് ശിവസേന പ്രവർത്തകർ തടഞ്ഞത്. ഒടുവിൽ നവാസുദ്ദീൻ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിപ്പോവുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ