ലാഹോർ: നവാസ് ഷെരീഫും മകള്‍ മറിയവും ലാഹോർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് അറസ്റ്റ് വരിക്കാനാണ് നവാസ് ഷെരീഫും മകൾ മറിയം ഷെരീഫും ലാഹോറിലെത്തിയത്.

നവാസ് ഷെരീഫ് വിമാനമിറങ്ങും മുൻപ് പാക്കിസ്ഥാനിൽ ഉഗ്ര സ്ഫോടനം നടന്നു. ഏതാണ്ട് 70 ഓളം പേർ കൊല്ലപ്പെട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സ്ഫോടനമാണിത്. നൂറോളം പേർക്ക് പരുക്കേറ്റു.

നവാസ് ഷെരീഫിന്റെ  അറസ്റ്റുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ അസ്വാഭാവിക സാഹചര്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. എതിഹാദ് വിമാനത്തിൽ ലണ്ടനിൽ നിന്ന് സൗദി വഴി ലാഹോറിലേക്ക് പുറപ്പെട്ട നവാസ് ഷെരീഫിനെയും മകൾ മറിയമിനെയും എന്ത് വില കൊടുത്തും അറസ്റ്റ് ചെയ്യുമെന്നാണ് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം നവാസ് ഷെരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) പ്രവർത്തകർ ലാഹോർ വിമാനത്താവളത്തിലേക്ക് മാർച്ച് ചെയ്യുകയാണ്. വലിയ പ്രക്ഷോഭത്തിനുളള സാധ്യത കണക്കിലെടുത്ത് പാക് പൊലീസ് അവിടെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.

പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫിനും ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മകൾ മറിയം ഷെരീഫിനും വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ അനുമതി ഇല്ല.

പനാമ പേപ്പർ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളിൽ ഉൾപ്പെട്ടതാണ് നവാസ് ഷെരീഫിന് പാക് പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാനും പിന്നീട് തടവറയിലേക്കും വഴി തുറന്നത്. ലണ്ടനിൽ അനധികൃതമായി നേടിയ പണത്തിലൂടെ വീടും സ്ഥലവും വാങ്ങിയെന്നാണ് നവാസ് ഷെരീഫിനെതിരായ കേസ്. ജൂലൈ 25 ന് പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവാസ് ഷെരീഫിന്റെ മടങ്ങിവരവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ