ഇസ്‌ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇന്നലെ പാക് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് മുൻപാകെ കീഴടങ്ങിയ നവാസ് ഷെരീഫിനെയും മകൾ മറിയം ഷെരീഫിനെയും ജയിലിലേക്ക് മാറ്റി. റാവൽപിണ്ടിയിലെ ജയിലിലാണ് ഇരുവരെയും ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി 9 മണിയോടെ നവാസ് ഷെരീഫും മകളും സഞ്ചരിച്ച ലണ്ടനിൽ നിന്നുളള വിമാനം ലാഹോറിലെ വിമാനത്താവളത്തിലെത്തി. വിമാനത്തിനകത്തേക്ക് പ്രവേശിച്ച കുറ്റാന്വേഷണ സംഘം മറ്റ് യാത്രക്കാരോട് പോകാനും നവാസ് ഷെരീഫിനെയും മകളെയും കാത്തിരിക്കാനും ആവശ്യപ്പെട്ടു.

മറ്റ് യാത്രക്കാർ പോയ ശേഷം നവാസ് ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്പോർട്ട് സംഘം പിടിച്ചെടുത്തു. പിന്നീട് നവാസ് ഷെരീഫിന്റെ അഭ്യർത്ഥന പ്രകാരം ഹജ് ലോഞ്ചിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അമ്മ ബീഗം ഷമീം അക്തറിനെ കാണാൻ അനുവദിച്ചു.

നവാസ് ഷെരീഫിന് പിന്തുണ അറിയിച്ച് ലാഹോറിലേക്ക് ഇരച്ചെത്തിയ നൂറ് കണക്കിന് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് പ്രവർത്തകരെയാണ് പാക് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. റോഡുകൾ അടച്ച പൊലീസ് ലാഹോറിലും സമീപ പ്രദേശങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ