ഇസ്‌ലാമാബാദ്: അഴിമതി കേസിൽ കോടതി തടവുശിക്ഷയ്‌ക്ക് വിധിച്ച പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകൾ മറിയം ഷെരീഫും ഇന്നലെ കഴിഞ്ഞത് റാവൽപിണ്ടിയിലെ അഡിലാല ജയിലിൽ. ജയിലിൽ ബി ക്ലാസ് സൗകര്യങ്ങളാണ് ഇരുവർക്കും ലഭിച്ചതെന്നാണ് മീഡിയ റിപ്പോർട്ടുകൾ. സാധാരണ തടവുകാരെക്കാൾ കൂടുതൽ സൗകര്യങ്ങളാണ് ബി ക്ലാസ് തടവുകാർക്ക് ലഭിക്കുക. ബി ക്ലാസ് തടവുകാർക്ക് സ്വന്തം ചെലവിൽ എസി, ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭിക്കും.

അഴിമതി കേസിൽ ഇന്നലെയാണ് നവാസ് ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്‌തത്. ലണ്ടനിൽനിന്നും അബുദാബി വഴി ലാഹോറിലെത്തിയ ഇരുവരെയും വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റ് ചെയ്‌തത്. അവിടെനിന്നും പ്രത്യേക വിമാനത്തിലാണ് ഇരുവരെയും ഇസ്‌ലാമാബാദിലെത്തിച്ചത്. അവിടെനിന്നും അഡിലാല ജയിലിലേക്ക് കൊണ്ടുപോയി.

സാമൂഹിക പദവി, വിദ്യാഭ്യാസം, ഉയർന്ന ജീവിതനിലവാരം എന്നിവ കണക്കിലെടുത്താണ് തടവുകാരെ എ,ബി,സി എന്നീ ക്ലാസുകളായി തരംതിരിക്കുന്നതെന്നാണ് പാക്കിസ്ഥാൻ മീഡിയ റിപ്പോർട്ടുകൾ പറയുന്നത്. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിൽ സ്ഥിരം കുറ്റകൃത്യത്തിൽ ഏർപ്പെട്ട ജയിലിലെത്തുന്ന തടവുകാരെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്താമെന്ന് ദി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എ, ബി ക്ലാസ് തടവുകാർ വിദ്യാസമ്പന്നരാണ്. ഇവർ ജയിലിലെ വിദ്യാഭ്യാസമില്ലാത്ത തടവുകാർക്ക് ക്ലാസ് നൽകാറുണ്ട്. അവരെ കഠിന ജോലികൾക്ക് നിയോഗിക്കാറില്ല. കിടക്ക, കസേര, ചായ പാത്രം, റാന്തൽ വിളക്ക്, അലമാര, അലക്കുന്നതിനും ശുചീകരണത്തിനുമുളള ഉപകരണങ്ങൾ എന്നിവയൊക്കെ എ, ബി തടവുകാരുടെ സെല്ലുകളിൽ ഉണ്ടാവും. ടിവി, എസി, പത്രം എന്നിവ സ്വന്തം ചെലവി ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ എ, ബി തടവുകാർക്ക് ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വർഷവും മകൾ മറിയം ഷെരീഫിന് 7 വർഷവും മരുമകൻ സഫ്ദറിന് ഒരു വർഷവുമാണ് പാക്കിസ്ഥാൻ കോടതി തടവ് വിധിച്ചത്. ലണ്ടനിലെ അവൻഫീൽഡ് ഹൗസിൽ നാലു ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

പാനമ പേപ്പർ ചോർന്നതിലൂടെയാണ് നവാസ് ഷെരീഫിനും മകൾക്കും ലണ്ടനിളള സ്വത്തിനെക്കുറിച്ചുളള വിവരം പുറത്തായത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തുവന്നത്. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook