മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
നവാബ് മാലിക്കിനെ ഇന്നു രാവിലെ ഏഴിന് അദ്ദേഹത്തിന്റെ വസതിയിൽനിന്നാണ് ഇഡി കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇഡി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ മാർച്ച് മൂന്നുവരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.
”പൊരുതും, ജയിക്കും, എല്ലാവരെയും തുറന്നുകാട്ടും,” (ലഡേംഗേ, ജീതേംഗേ, സബ് കോ എക്സ്പോസ് കരേംഗേ) എന്ന് ചോദ്യം ചെയ്യലിനു ശേഷം ഇഡി ഓഫീസില്‍നിന്നു പുറത്തേക്കുകൊണ്ടുവരുന്നതിനിടെ മാലിക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തെ ആരോഗ്യപരിശോധനയ്ക്കായി ജെ ജെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
മാലിക് ഉള്‍പ്പെടെയുള്ളവരുടെ കുര്‍ള വസ്തു ഇടപാട് ഇ ഡി അന്വേഷിക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയില്‍നിന്ന് നിലവിലെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു മാലിക് ഈ വസ്തു വാങ്ങിയതായി ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു.
ഹവാല കേസ് അന്വേഷിക്കുന്നതിനിടെ ഏജന്‍സി ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളിലാണ് മാലിക്കിന്റെ പേര് ആദ്യം ഉയര്‍ന്നുവന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇബ്രാഹിം, ഇഖ്ബാല്‍ മിര്‍ച്ചി, ഛോട്ടാ ഷക്കീല്‍, പാര്‍ക്കര്‍, ജാവേദ് ചിക്ന എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇഡി അന്വേഷിച്ചുവരികയാണ്.
അന്വേഷണവുമായി ബന്ധപ്പെട്ട് കസ്കര്‍, ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരന്‍ സലിം ഫ്രൂട്ട്, ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ മുംബൈയിലെ 10 സ്ഥലങ്ങളില്‍ ഏജന്‍സി ഇതിനകം പരിശോധന നടത്തിയിരുന്നു. കേസില്‍ ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരന്‍ സലിം ഫ്രൂട്ട്, കസ്കര്‍, പാര്‍ക്കറിന്റെ മകന് എന്നിവരെ ചോദ്യം ചെയ്തിട്ടുമുണ്ട്.
അതേസമയം, ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് പിയറിലെ ഇ ഡി ഓഫീസിനു പുറത്ത് തടിച്ചുകൂടിയ എന്‍സിപി പ്രവര്‍ത്തകര്‍ നവാബ് മാലിക്കിന്റെ അറസ്റ്റിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. മാലിക്കിന്റെ ഹാജരാക്കുന്ന മുംബൈ സെഷന്‍സ് കോടതി പരിസരത്ത് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസാരിക്കുന്നവരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് മാലിക്കിന്റെ ചോദ്യം ചെയ്യലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു. ”നവാബ് മാലിക് കൃത്യമായി തുറന്നുപറയുന്ന ആളാണ്. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ അവര്‍ എന്തെങ്കിലും പ്രശ്നം കൊണ്ടുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എതിരാളിയായ ഒരു മുസ്ലിം പ്രവര്ത്തകനുണ്ടെങ്കില്, അദ്ദേഹത്തിന്റെ പേര് ദാവൂദുമായി ബന്ധിപ്പിക്കുന്നത് അവരുടെ ശീലമാണ്. ഞാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്റെ പേരും ദാവൂദുമായി ബന്ധിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ സംസാരിക്കുന്നവരെ ദ്രോഹിക്കാനുള്ള ശ്രമമാണിത്, ”പവാര്‍ പറഞ്ഞു.
മുന്‍കൂര്‍ അറിയിപ്പൊന്നും നല്‍കാതെ അതിരാവിലെ മാലിക്കിനെ കൂട്ടിക്കൊണ്ടുപോയി ഇഡി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ കുറ്റപ്പെടുത്തി. ഇത് അധികാര ദുര്‍വിനിയോഗത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
”നവാബ് മാലിക് പണ്ട് ചില ആളുകളുടെ തെറ്റായ പ്രവൃത്തികള്‍ തുറന്നുകാട്ടിയിരുന്നു. ഇന്ന് നടന്നത് അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമമാണ്. എന്തിനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ഞങ്ങള്‍ക്കറിയില്ല. ഈ സംഭവം മാലിക്കിനെ ബോധപൂര്‍വം ലക്ഷ്യമിടാനുള്ള ശ്രമമാണ്,” ജയന്ത് പാട്ടീല്‍ പറഞ്ഞു.
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കുമരുന്നില്‍ കേസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) മുന്‍ സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരായ ട്വീറ്റിനെത്തുടര്‍ന്ന് നവാബ് മാലിക് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.