മുംബൈ: നിർണായക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നാവിക സേനയിൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക്. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഭവത്തിൽ ഏഴ് സേനാ ഉദ്യോഗസ്ഥരെ ഈ മാസം ഇരുപതിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പുതിയ നിർദേശം. ഇന്ന് നാലെ പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കാണ് വിലക്ക്. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബേസുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു.

“സോഷ്യൽ മീഡിയയിലൂടെ ശത്രു രഹസ്യാന്വേഷണ ഏജൻസികൾക്ക് ഏഴ് നാവിക സേനാംഗങ്ങൾ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതിന് തൊട്ടുപിന്നാലെയാണ് സേന കർശന നടപടി സ്വീകരിച്ചത്,” സേനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

2017 ൽ റിക്രൂട്ട് ചെയ്ത നാവിക ഉദ്യോഗസ്ഥർ ഹണി ട്രാപ്പിൽ കുരുങ്ങുകയും നാവിക കപ്പലുകളുടെയും അന്തർവാഹിനികളുടെയും വിവരങ്ങൾ കൈമാറുകയും ചെയ്തുവന്ന് ആരോപിച്ച് ആന്ധ്രാ രഹസ്യാന്വേഷണ വിഭാഗമാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്.

“ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ട മൂന്നോ നാലോ സ്ത്രീകൾ അറസ്റ്റിലായ ചെറുപ്പക്കാരെ ഓൺലൈൻ ബന്ധത്തിലേക്ക് ആകർഷിച്ചു. സ്ത്രീകൾ പിന്നീട് വ്യവസായിയെന്ന വ്യാജേനെ പാകിസ്താൻ സ്വദേശിയെ നാവികർക്കു പരിചയപ്പെടുത്തി. അവർ നാവികരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥർ സ്ത്രീകളുമായി നടത്തിയ ചാറ്റിൽ പലതും ലൈംഗികച്ചുവയുള്ളതായിരുന്നു. ഇതുപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയും യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും സ്ഥാനങ്ങളും ചലനങ്ങളും വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു ഹവാല ഓപ്പറേറ്റർ വഴി എല്ലാ മാസവും നാവികർക്ക് പണം നൽകിയിരുന്നു, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഈ ഏഴ് നാവികരും കപ്പലുകളിൽനിന്നും അന്തർവാഹിനികളിൽനിന്നും മടങ്ങുകയും കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ അവർ ചെയ്ത ജോലികളും പോയ സ്ഥലങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. വളരെയധികം തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറി,” അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഏഴ് നാവികർക്കെതിരെ വിജയവാഡയിലെ കൗണ്ടര്‍ ഇന്റലിജൻസ് വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാവികരെ ആന്ധ്രാപ്രദേശ് രഹസ്യാന്വേഷണ വിഭാഗം ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook