scorecardresearch
Latest News

ഷായ്ക്ക് കറാച്ചിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് സംഘപരിവാര്‍; പേടിയുള്ളവര്‍ക്കെല്ലാം ടിക്കറ്റ് തരുമെന്നും ഭീഷണി

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് ഷായ്ക്ക് ഇന്ത്യ വിട്ട് കറാച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിരിക്കുന്നത്

ഷായ്ക്ക് കറാച്ചിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് സംഘപരിവാര്‍; പേടിയുള്ളവര്‍ക്കെല്ലാം ടിക്കറ്റ് തരുമെന്നും ഭീഷണി

ന്യൂഡല്‍ഹി: ബുലന്ദ്ഷഹര്‍ കലാപത്തെ കുറിച്ചുള്ള നടന്‍ നസറുദ്ദീന്‍ ഷായുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും നേതാക്കളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി ഷായെ വഞ്ചകനെന്നാണ് വിളിച്ചത്. കൂടാതെ അദ്ദേഹത്തിന് പാകിസ്ഥാനിലേക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരിക്കുകയാണ് സേന.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് ഷായ്ക്ക് രാജ്യം വിട്ട് കറാച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിരിക്കുന്നത്. 14961 രൂപയുടെ ടിക്കറ്റാണ് ഷായ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മനുഷ്യനേക്കാള്‍ വില പശുക്കള്‍ക്കാണെന്ന പരാമര്‍ശമായിരുന്നു ഷായെ വിവാദത്തില്‍ എത്തിച്ചത്.

”നസറുദ്ദീന്‍ ഷായ്ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയുണ്ടെങ്കില്‍ അദ്ദേഹത്തിന് പാകിസ്ഥാനില്‍ പോകാം. അതിനായി അദ്ദേഹത്തിന് വേണ്ടി ഓഗസ്റ്റ് 14 ന് കറാച്ചിയിലേക്കുള്ള ടിക്കറ്റ് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിട്ടുണ്ട്” അമിത് ജാനി പറഞ്ഞു.

”അദ്ദേഹത്തെ പോലെ, പേടിയുള്ളവര്‍ക്കെല്ലാം പോകാനുള്ള ടിക്കറ്റ് ഞങ്ങള്‍ ബുക്ക് ചെയ്തു തരും” എന്നും ജാനി പറഞ്ഞു.

അതേസമയം രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുള്ള ഒരു പൗരന്‍ എന്ന നിലയില്‍ മാത്രമായിരുന്നു തന്റെ പ്രതികരണമെന്നായിരുന്നു പരാമര്‍ശത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഷാ പറഞ്ഞത്. ”ആശങ്കയുള്ള ഇന്ത്യനെന്ന നിലയിലാണ് ഞാനത് പറഞ്ഞത്. ഞാനത് മുമ്പും പറഞ്ഞിട്ടുണ്ട്. വഞ്ചകനെന്ന് പറയാന്‍ മാത്രം ഞാനെന്താണ് പറഞ്ഞത്? വിചിത്രമായിരിക്കുന്നു ഇത്” എന്നായിരുന്നു ഷായുടെ പ്രതികരണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Navnirman sena books ticket to karachi for shah