ഛണ്ഡിഗഡ്: മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ജയിൽ മോചിതനാകും. 1988ൽ പാർക്കിനെ ചൊല്ലിയുള്ള തർക്കത്തെയും അടിപിടിയെയും തുടർന്ന് ഒരാൾ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുകയാണ് സിദ്ദു. പട്യാല കോടതിക്കു മുൻപാകെ കീഴടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മേയ് 20 നാണ് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിൽ പാർപ്പിച്ചത്.
സുപ്രീം കോടതിയാണ് സിദ്ദുവിന് ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്. നേരത്തെ സിദ്ദുവിനെക്കൊൊണ്ട് 1,000 രൂപ പിഴയടപ്പിച്ച് വിട്ടയച്ച കേസിൽ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു സുപ്രീം കോടതി നടപടി. സംഭവത്തിൽ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളായിരുന്നു ഹർജി നൽകിയത്.
1988ലാണ് കേസിനാസ്പദമായ സംഭവം. പാർക്കിങ് തർക്കത്തിന്റെ പേരിൽ സിദ്ദുവിന്റെ മർദനത്തെ തുടർന്ന് ഗുർനാം സിങ് (65) എന്നയാൾ മരിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ഇളവ് ലഭിച്ചതിനെ തുടർന്ന് ജനുവരി 26 ന് സിദ്ദുവിനെ മോചിപ്പിക്കുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. പക്ഷേ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. 1980-കളിലെയും 1990-കളിലെയും ശ്രദ്ധേയനായ ക്രിക്കറ്റ് താരമായിരുന്നു സിദ്ദു.