ന്യൂഡൽഹി: 1988ൽ റോഡിലുണ്ടായ തർക്കത്തെയും അടിപിടിയെയും തുടർന്ന് ഒരാൾ കൊല്ലപ്പെട്ട കേസിൽ സുപ്രീം കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ച പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു വെള്ളിയാഴ്ച പട്യാല കോടതിയിൽ കീഴടങ്ങി.
നവതേജ് സിംഗ് ചീമ ഉൾപ്പെടെയുള്ള ചില പാർട്ടി നേതാക്കൾക്കൊപ്പമാണ് സിദ്ദു തന്റെ വസതിക്ക് സമീപമുള്ള ജില്ലാ കോടതിയിൽ എത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു എസ്‌യുവിയിലാണ് ചീമ സിദ്ദുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ഏതാനും അനുയായികളും വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരു. ഭാര്യ നവജ്യോത് കൗർ സിദ്ദുവും വ്യാഴാഴ്ച രാത്രി പട്യാലയിലെ വസതിയിൽ എത്തിയിരുന്നു.
തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നും കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നും സിദ്ദു കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഔപചാരികമായി അപേക്ഷ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ മുമ്പാകെ അപേക്ഷ സമർപ്പിക്കാനും ജസ്റ്റിസ് ഖാൻവിൽക്കർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. “ഔപചാരികമായ ഒരു അപേക്ഷ ഫയൽ ചെയ്യുക… ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ പരാമർശിക്കുക, അപ്പോൾ നമുക്ക് നോക്കാം,” കോടതി പറഞ്ഞു.
1988ലുണ്ടായ കേസിൽ 65കാരൻ മരിച്ച സംഭവത്തിൽ വ്യാഴാഴ്ച സുപ്രീം കോടതി സിദ്ദുവിന്റെ ശിക്ഷ ഒരു വർഷത്തെ കഠിന തടവായി വർദ്ധിപ്പിച്ചിരുന്നു. നേരത്തെ സിദ്ദുവിനെക്കൊൊണ്ട് 1,000 രൂപ പിഴയടപ്പിച്ച് വിട്ടയച്ച കേസിൽ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു സുപ്രീം കോടതി നടപടി. സംഭവത്തിൽ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളായിരുന്നു ഹർജി നൽകിയത്.