ഛണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നവജോത് സിങ് സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനായി ഹൈക്കമാൻഡ് പരിഗണിച്ചേക്കും. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെയാണ് അദ്ദേഹത്തെ സുനില്‍ ജാഖറിനു പകരം നിയമിക്കാനുള്ള നീക്കം.
സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതിരെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ നിലപാടെടുത്തിരുന്നു. അര്‍ഹതയുള്ള നിരവധി നേതാക്കളെ അവഗണിച്ച് സിദ്ദുവിനെ പിപിസിസി അധ്യക്ഷനാക്കാക്കുന്നതിന് താന്‍ എതിരാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
എന്നാൽ, തന്റെ ടീമിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിനോട് ആലോചിച്ചതായാണ് വിവരം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ സിദ്ദുവിനെ നിരവധി വെര്‍ച്വല്‍ യോഗങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നു. മുഴുവന്‍ സംസ്ഥാന നേതൃത്വത്തെയും ഉടന്‍ തന്നെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തല്‍സ്ഥാനത്ത് തുടരുമെന്ന് പാര്‍ട്ടി പഞ്ചാബ് ഘടകത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. നിരവധി യോഗങ്ങള്‍ നടത്തിയും സംസ്ഥാനത്തെ നേതാക്കളുടെ പരാതികള്‍ കേള്‍ക്കാന്‍ സമിതി രൂപീകരിച്ചും പാര്‍ട്ടിയിലെ ഭിന്നത ശമിപ്പിക്കാനുള്ള ശ്രമത്തിലാണു നേതൃത്വം.
Also Read: രാജ്യദ്രോഹ നിയമം ‘കൊളോണിയൽ’, ഇനിയും ആവശ്യമുണ്ടോ?: കേന്ദ്രത്തോട് സുപ്രീം കോടതി
സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കുന്നത് വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇതിനകം വിവിധ നേതാക്കളുടെ പിന്തുണ തേടിയിട്ടുണ്ട്. പിപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള സിദ്ദുവിന്റെ സുവര്‍ണക്ഷേത്ര സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍.
എന്നാല്‍ അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള ഭിന്നത കണക്കിലെടുക്കുമ്പോള്‍ ഇരുവരും ഇനി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് അറിയാനുള്ളത്.