അലിഗഡ്: ബോളിവുഡ് താരങ്ങളായ നസ്‌റുദ്ദീന്‍ ഷാ, ആമിര്‍ ഖാന്‍, കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു, എന്നിവര്‍ രാജ്യദ്രോഹികളാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആമിറും നസ്റുദ്ദീന്‍ ഷായും നല്ല അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യ ദ്രോഹികളായതിനാല്‍ അവര്‍ ബഹുമാനമര്‍ഹിക്കുന്നില്ലെന്നും അവര്‍ മിര്‍ ജാഫര്‍, ജയ്ചന്ദ് എന്നിവരെ പോലെയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

നസ്‌റുദ്ദീന്‍ ഷാ ആദ്യമായല്ല സംഘ് പരിവാറിന്റെ അവഹേളനത്തിന് പാത്രമാകുന്നത്. മുമ്പും ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടുണ്ട്. ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വില പശുവിന്റെ ജീവനാണെന്ന് നസ്‌റുദ്ദീന്‍ ഷാ അഭിപ്രായ പ്രകടനം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഉത്തര്‍പ്രദേശിലെ ബിജെപി മേധാവി അന്ന് നസ്‌റുദ്ദീന്‍ ഷായെ കുറിച്ച് പറഞ്ഞത് ‘ഒരു സിനിമയില്‍ അദ്ദേഹം പാക്കിസ്ഥാന്‍ ഏജന്റായി അഭിനയിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിലേക്ക് അദ്ദേഹം വളരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ എന്നായിരുന്നു.

അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന്‍ എന്നിവരെ പോലെയുള്ള മുസ്‌ലിം യുവത്വത്തെയല്ല, എ.പി.ജെ.അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് ഇന്ത്യക്ക് ആവശ്യമെന്നും കസബിന്റെ പാത പിന്തുടരുന്നവര്‍ രാജ്യദ്രോഹികളാണെന്നും ഇന്ദ്രേഷ് പറഞ്ഞു.

കോണ്‍ഗ്രസ്, ഇടതുപക്ഷം, മത വര്‍ഗീയ പാര്‍ട്ടികള്‍ ചില ജഡ്ജിമാര്‍ തുടങ്ങിയവരാണ് അയോധ്യ കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇവരുടെയെല്ലാം ഓഫീസിനു മുന്‍പില്‍ ധർണയിരിക്കണമെന്ന് താന്‍ സന്യാസിമാരോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook