ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം കലുഷിതമായ സാഹചര്യത്തില്‍ സമാധാനത്തിന് വേണ്ടി ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ഭീകരവാദത്തെ സമാധാനം കൊണ്ടും വികസനം കൊണ്ടും പുരോഗമനം കൊണ്ടും നേരിടണമെന്നും സിദ്ദു പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതില്‍ ദീര്‍ഘകാലത്തേക്ക് ഉപകരിക്കുക ചര്‍ച്ചയും നയതന്ത്ര സമ്മർദങ്ങളുമായിരിക്കുമെന്നും സിദ്ദു പ്രസ്താവനയിലൂടെ അറിയിച്ചു. രണ്ട് പക്ഷത്തുമുള്ളവരും ചിന്തിക്കുന്നത് ഏറ്റവും മോശം അവസ്ഥ സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്നും സിദ്ദു അഭിപ്രായപ്പെട്ടു.

അതേസമയം, തങ്ങളുടെ നീക്കത്തിലൂടെ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് രണ്ട് കൂട്ടരും ആലോചിക്കണമെന്നും എന്നാല്‍ മാത്രമേ അവര്‍ക്ക് പ്രതിരോധിക്കാനും സംരക്ഷിക്കാനും സാധിക്കുകയുള്ളൂവെന്നും സിദ്ദു അഭിപ്രായപ്പെട്ടു. കമാൻഡര്‍ അഭിനന്ദന്‍ വർധമാൻ പാക് കസ്റ്റഡിയിലായത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സിദ്ദു പറഞ്ഞു. ഇന്ത്യ-പാക് ബന്ധം വഷളാകും തോറും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യ-പാക് വിഷയത്തില്‍ ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകനെന്ന നിലയില്‍ താന്‍ രാജ്യത്തിനൊപ്പമാണെന്നും സിദ്ദു വ്യക്തമാക്കി. നേരത്തെ പുല്‍വാമ ആക്രമണമുണ്ടായ സമയത്ത് ചിലര്‍ ചെയ്യുന്ന കുറ്റത്തിന്റെ പേരില്‍ ഒരു ദേശത്തെ മൊത്തം കുറ്റക്കാരാക്കുന്നത് ശരിയല്ലെന്ന സിദ്ദുവിന്റെ പ്രസ്താവ വന്‍ വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook