മുംബൈ: നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ വൻ മോഷണം. ബാങ്കിലെ ലോക്കറിൽനിന്ന് 40 ലക്ഷത്തിലധികം മൂല്യമുളള വസ്തുക്കൾ മോഷണം പോയി. സിനിമകളിലെ കവർച്ചയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുളള മോഷണമാണ് ബാങ്ക് ഓഫ് ബറോഡ ശാഖയിൽ നടന്നത്.

25 അടിയിലധികം ദൂരത്തിൽ തുരങ്കം നിർമ്മിച്ചാണ് മോഷ്ടാക്കൾ ബാങ്കിലെ ലോക്കർ മുറിയിലെത്തിയത്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കാം മോഷണം നടന്നതെന്ന് പൊലീസ് ഓഫീസർ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. 5 മാസത്തോളം സമയമെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം.

തിങ്കളാഴ്ച ബാങ്കിലെത്തിയ ജീവനക്കാരാണ് കവർച്ച നടന്നതായി ശ്രദ്ധിച്ചത്. ലോക്കർ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ഏതാനും ലോക്കറുകളിൽനിന്നും സാധനങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്. 225 ലോക്കർ മുറികളിൽ 30 എണ്ണമാണ് മോഷ്ടാക്കൾ തുറന്നത്.

ബാങ്കിനടുത്തായി കഴിഞ്ഞ മേയിൽ മോഷ്ടാക്കൾ ഒരു കട വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെനിന്നാണ് ലോക്കർ മുറിയിലേക്കുളള തുരങ്കം നിർമ്മിച്ചത്. മോഷ്ടാക്കളെക്കുറിച്ചുളള ഒരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ