ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ 19 വര്‍ഷക്കാലമായി നവീന്‍ പട്‌നായിക് തന്നെയാണ് ഒഡീഷ മുഖ്യമന്ത്രി. ഭുവനേശ്വറിലെ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ നവീന്‍ പട്‌നായിക് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒഡീഷ ഗവര്‍ണര്‍ ഗണേഷി ലാല്‍ സത്യപ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.
Naveen Patnaik takes oath as Odisha CM for fifth-consecutive term
Read @ANI story | //t.co/9yxe0mTBap pic.twitter.com/pCYwy7IPI4
— ANI Digital (@ani_digital) May 29, 2019
Read More: ഒഡീഷയില്‍ അഞ്ചാം വട്ടവും പട്‌നായിക് തന്നെ
രണ്ടായിരം മുതല്‍ 2009 വരെ ബിജെപി സഖ്യത്തിലായാണ് രണ്ട് ടേമുകളില്‍ നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായത്. പിന്നീടുള്ള രണ്ട് തവണയും ബിജെഡി (ബിജു ജനതാദള്‍) തനിച്ച് ഭൂരിപക്ഷം നേടിയാണ് ഒഡീഷയില്‍ ഭരണം നടത്തിയത്. ആകെയുള്ള 147 സീറ്റുകളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 112 സീറ്റുകളും നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജു ജനതാ ദള്‍ സ്വന്തമാക്കി. ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളും നേടിയപ്പോള്‍ സിപിഐക്ക് ഒരു സീറ്റും ലഭിച്ചു.
രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോഴും ബിജു ജനതാദളും നവീന്‍ പട്‌നായികും ഒഡീഷയില്‍ ശക്തി ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ 117 സീറ്റുമായാണ് ഒഡീഷയില്‍ ബിജെഡി അധികാരത്തിലെത്തിയത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒഡീഷയില്‍ വേരോട്ടമുണ്ടാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് അധികാരത്തിലേക്ക് പോകുന്നത്. നിലവിലെ മുഖ്യമന്ത്രിയായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ശക്തമായ തിരിച്ചടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്‍ മോഹന്‍ റെഡ്ഡിയും നല്‍കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook