കീവ്: റഷ്യയുടെ സൈനിക നടപടിയെ പ്രതിരോധിക്കാന്‍ യുക്രൈന് എത്രകാലം വരേയും സഹായം നല്കാന് തയാറണെന്ന് നാറ്റൊ. ആധുനിക സൈനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയാണ് നാറ്റൊ യുക്രൈന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നാറ്റോയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരു നീണ്ട കാലയളവിലേക്ക് തയാറായിരിക്കേണ്ടതുണ്ട്. ഈ യുദ്ധം മാസങ്ങളോളമോ വര്‍ഷങ്ങളോളമോ നീളാനുള്ള എല്ലാ സാധ്യതയും കാണുന്നു. നാറ്റൊ സംഖ്യകക്ഷികള്‍ യുക്രൈനെ നാറ്റൊ അധിഷ്ഠിത ആയുധങ്ങള്‍ നല്കി സഹായിക്കാന്‍ തയാറാവുകയാണ്,” ബ്രൂസല്സില് നടന്ന യൂത്ത് സമ്മിറ്റില്‍ സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.
നാറ്റൊ യുക്രൈന് സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യയെത്തി. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് കടുത്ത സൈനിക മറുപടി നല്‍കുമെന്നാണ് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പ്.
ഫെബ്രുവരി 24 ന് റഷ്യ ആരംഭിച്ച് സൈനിക നടപടിയില്‍ ഇതിനോടകം തന്നെ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര് പലായനവും ചെയ്തു. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് യുദ്ധം വഴിവയ്ക്കുമോ എന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി യുക്രൈന് അതിര്‍ത്തിയിലുള്ള റഷ്യന്‍ താവളങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്വം യുക്രൈന് ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Also Read: കോട്ടയത്തും ചാവക്കാടുമായി അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു