ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. അഡീഷണല്‍ സിഎല്‍സി തലത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാർ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 (ഇന്നും നാളെയും) തീയതികളിലാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. രാജ്യവ്യാപക പ്രതിഷേധത്തില്‍ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീൺ ബാങ്ക് മേഖല, വിദേശ ബാങ്കുകള്‍ എന്നിവ പൂർണമായും അടഞ്ഞു കിടക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎന്‍ബി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകളിൽ തടസം നേരിട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ബാങ്കുകള്‍ അറിയിച്ചു.
Also Read: ഒമിക്രോൺ: നാല് രോഗബാധിതരുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് പരിശോധന