ചണ്ഡീഗഢ്: സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സാം പിത്രോഡ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബിലെ ഫത്തേഗഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

”1984 ലെ സംഭവത്തെ കുറിച്ച് സാം പിത്രോഡ പറഞ്ഞത് അസത്യമാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. ഞാനിത് അദ്ദേഹത്തോട് ഫോണിലൂടെ പറഞ്ഞിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് തെറ്റാണെന്നും പരസ്യമായി മാപ്പ് ചോദിക്കണമെന്നും പറഞ്ഞിട്ടുണ്ട്” രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ തലവനായ പിത്രോഡ തന്റെ പരമാര്‍ശത്തില്‍ നേരത്തെ തന്നെ മാപ്പ് ചോദിച്ചിരുന്നു. സംഭവിച്ചത് സംഭവിച്ചെന്നായിരുന്നു 1984 ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് പിത്രോഡയുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് ബിജെപിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും പിത്രോഡയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പിത്രോഡയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ തനി സ്വഭാവം പുറത്തായെന്നായിരുന്നു മോദിയുടെ പ്രതികരണം.

”കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ 1984 നെ കുറിച്ച് പറഞ്ഞത് കേട്ടുവോ? സംഭവിച്ചത് സംഭവിച്ചെന്നായിരുന്നു. ആരാണ് ആ നേതാവെന്ന് അറിയാമോ? ഗാന്ധി കുടുംബത്തിന്റെ അടുത്തയാളാണ്. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്റെ ഗുരുവാണ്” എന്നായിരുന്നു മോദിയുടെ പ്രതികരണം.

പിത്രോഡയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തുകയായിരുന്നു. പിത്രോഡയുടെ വാക്കുകള്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്നും ഒരു കലാപവും മാപ്പ് അര്‍ഹിക്കാത്തതാണെന്നും നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി പറഞ്ഞിരുന്നു. ഇതോടെ പിത്രോഡ മാപ്പ് ചോദിച്ച് രംഗത്തെത്തുകയായിരുന്നു.

”എന്റെ ഹിന്ദി അത്ര നല്ലതല്ല. ഞാന്‍ ഇംഗ്ലീഷില്‍ ചിന്തിക്കുകയും ഹിന്ദിയിലേക്ക് അത് തര്‍ജ്ജമ ചെയ്യുകയുമാണ് ചെയ്യാറ്. മോശം എന്നത് തര്‍ജ്ജമ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. സംഭവിച്ചത് വളരെ മോശമായിരുന്നുവെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്” എന്നായിരുന്നു പിത്രോഡയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook