ലക്നൗ: പരമശിവനെ ആരാധിക്കുന്ന കാവടി യാത്രയില്‍ പങ്കെടുക്കുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി കാവടി തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളില്‍ മദ്യഷാപ്പുകളോ അനധികൃത അറവുശാലകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. ജൂലൈ 17നാണ് കാവടി യാത്ര ആരംഭിക്കുന്നത്. തീര്‍ത്ഥാടകര്‍ പോകുന്ന വഴികളിലെ തടസ്സം നീക്കണമെന്നും വഴികളില്‍ പുഷ്പവൃഷ്ടി നടത്തണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി.
ഏതൊക്കെ ഭാഗത്തു കുടിയാണോ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നത് ഈ വഴികളിലുള്ള എല്ലാ കടകളും അവര്‍ മദ്യമോ മാംസമോ വില്‍ക്കുന്നതാണെങ്കില്‍ അടച്ചിടണം എന്നാണ് പുതിയ ഉത്തരവ്. യാത്ര തീരുന്നതു വരെ ഇതു പാലിച്ചിരിക്കണം എന്നാണ് ഉത്തരവ്.
മോശം സിനിമാ പാട്ടുകള്‍ കാന്‍വാര്‍ യാത്രയില്‍ പാടാന്‍ പാടില്ലെന്നും ദീപാവലിക്ക് ശേഷം ചൂതാട്ടത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ജനങ്ങളോട് യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. അശ്ലീല ഫിലിം പാട്ടുകളും ഡി.ജെകളും മതപരമായ വികാരങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ദീപാവലിക്ക് വേണ്ടി ലക്ഷ്മി ദേവിയെ ആരാധിച്ച ശേഷം ചൂതാട്ടത്തില്‍ മുഴുകിപ്പോകുന്നത് തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാന്‍വാറിലേക്ക് കാല്‍നടയായാണ് ശിവഭക്തരായ തീര്‍ഥാടകര്‍ എത്താറുള്ളത്. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കൂടുതല്‍ തീര്‍ഥാടകര്‍ എത്താറുള്ളത്. ശിവാരാധനനയ്ക്കുള്ള സമയമാണ് ശ്രാവണ്‍ മാസം കണക്കാക്കുന്നത്. ജൂലൈ അവസാനത്തോടെ തുടങ്ങുന്ന ഈ സമയത്ത് ആയിരക്കണക്കിന് ശിവഭക്തര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് നഗ്നപാദരായി തോളില്‍ ഇരുഭാഗത്തേക്കുമായി തൂക്കിയിട്ടിരിക്കുന്ന വടികളില്‍ തീര്‍ത്ഥദ്രവ്യങ്ങള്‍ നിറച്ച് പുണ്യസ്ഥലങ്ങളിലേക്ക് പോകുന്നു; മിക്കവരും കാല്‍നടയായി തന്നെ.
ഹരിദ്വാറിലെ ഗംഗയില്‍ നിന്നോ ഗംഗോത്രിയില്‍ നിന്നോ ഗോമുഖില്‍ നിന്നോ വീടുകളിലേക്ക് തിരിച്ചും യാത്ര ചെയ്യുന്നു. തുടര്‍ന്ന് തങ്ങളുടെ ഗ്രാമത്തിലെത്തി അവിടുത്തെ ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതോടെയാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.
1980-കള്‍ വരെ ‘വിശുദ്ധ’ന്മാരും കുറച്ച് പ്രായമായവരും മാത്രമായിരുന്നു ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇന്ന് ഈ തീര്‍ത്ഥാടക സംഘത്തിലുള്ളത് മുഴുവന്‍ യുവാക്കളാണ്.