പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് യുവതി മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. ഇന്നു രാവിലെയോടെയാണ് സംഭവം. നിഗീന ബാനോയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. പുൽവാമയിലെ കാകപോറ പ്രദേശത്ത് വച്ചാണ് ഭീകരർ യുവതിയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

വെടിയേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് കാകപോറയിലെ ആരോഗ്യ സെന്ററിലെ സീനിയർ ഡോക്ടർ പറഞ്ഞു. ജലാൽ ദിൻ ബഫന്ദ എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളെ വിദഗ്‌ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

ഈ വർഷം കഴിഞ്ഞ 5 മാസത്തിനുളളിൽ 101 ഭീകരരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. ഇന്റലിജൻസിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷൻ. 2018 ൽ ജനുവരി മുതൽ മേയ് വരെ നടന്ന ഓപ്പറേഷനിലൂടെ 70 ഭീകരരെയും 2017 ൽ ഈ കാലയളവിൽ 57 ഭീകരരെയുമാണ് സൈന്യം കൊലപ്പെടുത്തിയത്. തെക്കൻ കശ്മീരിലെ ജില്ലകളായ പുൽവാമ, ഷോപ്പിയാൻ, കുൽഗാം, അനന്ത്നാഗ് എന്നിവിടങ്ങളിലാണ് കൂടുതൽ ഓപ്പറേഷനും നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook