ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ ആകാശ് വിജയ്‍വാര്‍ഗിയയെ പ്രധാനമന്ത്രി ശകാരിച്ചതില്‍ ആദ്യമായി പ്രതികരിച്ച് പിതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ കൈലാശ് വിജയ്‍വാര്‍ഗിയ രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിച്ചതിനെ തുടര്‍ന്നാണ് ആകാശിനെ പ്രധാനമന്ത്രി ശകാരിച്ചത്. മകനെതിരെ നടപടി എടുക്കണമെന്ന് കൈലാശ് പറഞ്ഞു. പാര്‍ട്ടിയാണ് വലുതെന്നും മോദിയാണ് പരമോന്നതനായ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ബിജെപി ഘടകം ആകാശിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനം താന്‍ അംഗീകരിക്കുന്നതായി കൈലാശ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്​ മർദിച്ച ആകാശ് വിജയവാര്‍ഗിയയെ തളളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കുറ്റം ചെയ്തയാൾ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ലെന്ന് മോദി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റ രീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി. കൂടാതെ അദ്ദേഹം മർദിക്കുന്നതിനിടെ ഉപയോഗിച്ച വാക്കുകള്‍ക്കെതിരേയും മോദി പരാമര്‍ശിച്ചു. ‘എത്തരത്തിലുളള ഭാഷയാണ് നിങ്ങള്‍ ഉപയോഗിച്ചത്’ എന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ചാണ് ബിജെപി എംഎൽഎ മർദിച്ചത്. ആ​കാ​ശ് വി​ജ​യ്‌വാര്‍ഗി​യ​യെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഗ​ഞ്ചി കോ​മ്പൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിച്ചിരുന്നു.
ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് സിങ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് എംഎല്‍എ ഇന്‍ഡോര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

Read More: ബിജെപി എംഎൽഎ സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദിച്ചു

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിക്കുകയും സംസ്ഥാനത്തെ പവര്‍ കട്ടിനെതിരെ ഇന്‍ഡോറിലെ രാജ്ബറയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ആക്രമണ കേസില്‍ 50,000 രൂപയും മറ്റ് കേസില്‍ 20,000 രൂപയും വ്യക്തിഗത ജാമ്യ ബോണ്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയിലില്‍ വളരെ മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് പുറത്തിറങ്ങിയ ആകാശ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook