പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട എട്ട് ഉദ്യോഗസ്ഥരെ 12 സ്ഥിരം സമിതികളിലും സ്റ്റാൻഡിംഗ് കമ്മിറ്റികളുമായി ബന്ധപ്പെട്ട എട്ട് വകുപ്പ്തല കമ്മിറ്റികളിലും നിയമിച്ച്, ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ. പുതിയ നിയമനം പ്രതിപക്ഷ വിമർശങ്ങൾക്ക് ഇടയാക്കി.
ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) രാജേഷ് എൻ നായിക്, പ്രൈവറ്റ് സെക്രട്ടറി സുജീത് കുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് വർമ, ഒഎസ്ഡി അഭ്യുദയ് സിംഗ് ഷെഖാവത്ത് എന്നിവരാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിൽനിന്നു സമിതികളിലേക്ക് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർ. രാജ്യസഭാ അധ്യക്ഷന്റെ ഓഫീസിൽനിന്ന്, ഒഎസ്ഡിമാരായ അഖിൽ ചൗധരി, ദിനേഷ് ഡി, കൗസ്തുഭ് സുധാകർ ഭലേക്കർ, പിഎസ് അദിതി ചൗധരി എന്നിവരാണ് നിയമിതരായത്.
ചൊവാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവിൽ, ഉദ്യോഗസ്ഥരെ “അടിയന്തിര പ്രാബല്യത്തോടെ,മറ്റു ഉത്തരവുകൾ ലഭിക്കുന്നതുവരെ” സമിതികളിൽ നിയമിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് പറഞ്ഞു. ഈ കീഴ്വഴക്കമില്ലതാണെന്ന് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു മുതിർന്ന രാജ്യസഭാ എംപി അവകാശപ്പെട്ടു.
“ഉപരാഷ്ട്പതി കൗൺസിൽ ഓഫ് സ്റ്റേറ്റ്സിന്റെ എക്‌സ്-ഓഫീഷ്യോ അധ്യക്ഷനാണ്. വൈസ് ചെയർപേഴ്‌സൺ അല്ലെങ്കിൽ വൈസ് ചെയർപേഴ്‌സൺമാരുടെ പാനലിനെ പോലെ അദ്ദേഹം സഭാംഗമല്ല. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിയും? ഇത് സ്ഥാപനപരമായ അട്ടിമറിക്ക് തുല്യമല്ലേ?” കോൺഗ്രസ് എംപി മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
ഈ ഉദ്യോഗസ്ഥർ കമ്മിറ്റികളെ അവരുടെ രഹസ്യസ്വഭാവമുള്ള യോഗങ്ങൾ, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സഹായിക്കണം. പാർലമെന്ററി കമ്മിറ്റികളെക്കുറിച്ചുള്ള നിർവചനം അനുസരിച്ച്, എംപിമാർക്കൊപ്പം രാജ്യസഭയിലോ ലോക്സഭാ സെക്രട്ടേറിയറ്റുകളിലോ ഉള്ള ജീവനക്കാർക്കും മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“കമ്മിറ്റികളെ സഹായിക്കാൻ സ്പീക്കറിനോ അധ്യക്ഷനോ അവരുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിക്കാൻ പറ്റുന്ന ഒരു നിയമവുമില്ല. പാർലമെന്ററി കമ്മിറ്റികളുടെ നിർവചനം വളരെ വ്യക്തമാണ്, അവയിൽ എംപിമാരും ലോക്‌സഭയിലോ രാജ്യസഭാ സെക്രട്ടേറിയറ്റിലോ ഉള്ള ഉദ്യാഗസ്ഥരും മാത്രമേ ഉൾപ്പെടുന്നുള്ളൂ. സ്പീക്കറുടെയോ അധ്യക്ഷന്റെയോ പേഴ്സണൽ സ്റ്റോഫ് പാർലമെന്ററി സെക്രട്ടേറിയറ്റുകളുടെ ഭാഗമല്ല. ഇതുവരെ അത്തരം നിയമനങ്ങളൊന്നും നടന്നിട്ടില്ല,” ആചാരി പറഞ്ഞു.
ധൻഖറുമായി വിഷയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതായി ശാസ്ത്ര സാങ്കേതിക സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും കോൺഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പുമായ ജയറാം രമേശ് പറഞ്ഞു.
“ഈ നീക്കത്തിന്റെ യുക്തിയോ ആവശ്യകതയോ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. രാജ്യസഭയുടെ എല്ലാ കമ്മിറ്റികൾക്കും സെക്രട്ടേറിയേറ്റിൽ കഴിവുള്ള ജീവനക്കാരുണ്ട്. ഇവ രാജ്യസഭയുടെ കമ്മിറ്റികളാണ്, അധ്യക്ഷന്റെ കമ്മിറ്റികൾ അല്ല. ഇതിനെപ്പറ്റി ഒരു ആലോചനയും ഉണ്ടായിട്ടില്ല,” ജയറാം രമേശ് പറഞ്ഞു. 21 ലോക്‌സഭാ എംപിമാരും 10 രാജ്യസഭാ എംപിമാരും അടങ്ങുന്ന 24 സ്റ്റാൻഡിങ് കമ്മിറ്റികളാണ് ആകെയുള്ളത്. 24ൽ 16 എണ്ണം ലോക്‌സഭാ സ്പീക്കറുടെ അധികാരപരിധിയിലും എട്ടെണ്ണം രാജ്യസഭാ അധ്യക്ഷന്റെ പരിധിയിലും വരുന്നു.
മിക്ക ബില്ലുകളും സഭയിൽ അവതരിപ്പിച്ചതിനുശേഷം, വിശദമായ പരിശോധനയ്ക്കായി ഈ കമ്മിറ്റികളിലേക്ക് സൂക്ഷ്മപരിശോധന നൽകുന്നു. എംപിമാരുടെ ആവശ്യപ്രകാരമാണ് സ്പീക്കറും അധ്യക്ഷനും അതിനുള്ള അധികാരം നൽകുന്നത്. സമിതികൾ ഡൊമെയ്ൻ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. ആളുകളിൽനിന്നു രേഖാമൂലമുള്ള അഭിപ്രായങ്ങൾ ക്ഷണിക്കാറുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരോടും സർക്കാർ ഉദ്യോഗസ്ഥരോടും കമ്മിറ്റികൾക്ക് മുമ്പാകെ നിവേദനം നൽകാനും ആവശ്യപ്പെടാറുണ്ട്.