ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി ഉത്തർപ്രദേശും ഹരിയാനയും. ഡൽഹിക്ക് ചുറ്റുമുള്ള ജില്ലകളിൽ താമസിക്കുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ ഉത്തരവിറക്കി. ഡൽഹിയിലും മാസ്ക് നിർബന്ധമാക്കണോ എന്നതിനെക്കുറിച്ച് നാളെ നടക്കുന്ന യോഗത്തിൽ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്തേക്കും.
ഉത്തർപ്രദേശിൽ ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ഹാപൂർ, മീററ്റ്, ബുലന്ദ്ഷഹർ, ബാഹ്ഭട്ട് എന്നിവിടങ്ങളിലാണ് മാസ്ക് നിർബന്ധമാക്കിയത്. ശനിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ കൂടുതലും ഈ പട്ടികയിലെ രണ്ടു ജില്ലകളിലാണ്. ഗൗതം ബുദ്ധ നഗറിൽനിന്നും 76 പുതിയ കോവിഡ് കേസുകളും ഗാസിയാബാദിൽനിന്നും 33 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ നിലവിൽ 695 സജീവ കേസുകളാണുള്ളത്. ഇതിൽ 280 കേസുകൾ ഗൗതം ബുദ്ധ നഗറിലാണ്. ലക്നൗ (41), മീററ്റ് (11), ബുലന്ദ്ഷഹർ (5), ബാഹ്ഭട്ട് (2) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
ഹരിയാനയിൽ ഗുഡ്ഗാവ്, ഫരീദാബാദ്, സോനിപട്ട്, ജജ്ജാർ എന്നിവിടങ്ങളിലാണ് മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചത്. സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 238 പുതിയ കോവിഡ് കേസുകളിൽ 198 കേസുകളും ഗുഡ്ഗാവിലാണ്. ഫരീദാബാദിൽ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഡൽഹിയിൽ തുടർച്ചയായി രണ്ടു ദിവസമായി പുതിയ കോവിഡ് കേസുകൾ 500 കടന്നു. ഇന്നലെ 501 പുതിയ കേവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്കും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 7.72% ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്.