ന്യൂഡല്‍ഹി: കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും വര്‍ധിച്ചത് 2017-2018 കാലഘട്ടത്തിലാണ് എന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരിയില്‍ ഇത് സംബന്ധിച്ച് പുറത്തിറങ്ങിയ റിപ്പോര്‍ട്ടും തൊഴില്‍ മന്ത്രാലയം ശരിവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭ ചാര്‍ജ് ഏറ്റെടുത്ത ദിവസമാണ് തൊഴില്‍മന്ത്രാലയം ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. 2017 2018 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. ഇത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും രൂക്ഷമാണെന്നാണ് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വിവാദമായിരുന്നു.

Read More: ജിഡിപി നിരക്ക് കുത്തനെ താഴോട്ട്; തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ

നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവരില്‍ 7.8% പേരും തൊഴില്‍ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി രൂക്ഷം. 5.3% പേര്‍ക്കും തൊഴിലില്ല. പുരുഷന്‍മാര്‍ക്കിടയില്‍ ഈ കണക്ക്, 6.2 ശതമാനമാണ്. സ്ത്രീകള്‍ക്കിടയില്‍ 5.7% പേര്‍ക്ക് തൊഴിലില്ല.

ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു. ഇത് വലിയ വാര്‍ത്തയാകുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

Read More: തൊഴിലില്ലായ്മ നിരക്കിനു പിന്നാലെ മുദ്ര തൊഴില്‍ സര്‍വേ ഡാറ്റയും കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തി

നോട്ട് നിരോധനം മൂലമാണ് രാജ്യത്ത് തൊഴില്‍ നഷ്ടമുണ്ടായതെന്നാണ് എന്‍എസ്എസ്ഒയുടെ ആദ്യ വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനാലാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്തുവിടാതെ വൈകിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ 2006 ല്‍ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണ്. രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കല്‍ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയുമാണ് എന്‍എസ്സി ചെയ്യുന്നത്. 2017 ജൂണിലാണ് സ്റ്റാറ്റിസ്റ്റീഷ്യനായ പി.സി.മോഹനനെയും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറായ ജെ.വി.മീനാക്ഷിയെയും കമ്മിഷനിലെ അംഗങ്ങളായി സര്‍ക്കാര്‍ നിയമിച്ചത്. രണ്ടു പേര്‍ക്കും മൂന്നു വര്‍ഷത്തെ കാലാവധിയായിരുന്നു.

Read More: കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജ്യത്ത് 45 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന തൊഴിലില്ലായ്മ

കമ്മിഷനിലെ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു രാജിവച്ച മോഹനന്‍. ”സാധാരണ എന്‍എസ്എസ്ഒയുടെ റിപ്പോര്‍ട്ട് കമ്മിഷന് മുന്നില്‍വയ്ക്കും. കമ്മിഷന്‍ അംഗീകരിച്ചാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് പുറത്തുവിടും. ഡിസംബറില്‍തന്നെ എന്‍എസ്എസ്ഒയുടെ സര്‍വ്വേ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിച്ചതാണ്. പക്ഷേ രണ്ടു മാസം ആകാറായിട്ടും റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ മുന്നിലെത്തിയിട്ടില്ല,” മോഹനന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ (സിഎംഐഇ) റിപ്പോര്‍ട്ട് പ്രകാരം 2018 ഡിസംബറില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനം വര്‍ധിച്ചുവെന്നാണ്. കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2018 ല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് 11 മില്യന്‍ തൊഴിലവസരങ്ങള്‍ നഷ്ടമായി. പക്ഷേ നോട്ട് നിരോധനം മൂലം തൊഴില്‍ നഷ്ടമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. മറിച്ച് വ്യാവസായിക മേഖലകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും സര്‍ക്കാര്‍ വാദിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook