മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയ്ക്കും ശിവ സേനയുടെ പ്രശംസ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും വളരെ കഠിനമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മികച്ച പ്രതിപക്ഷമായിരിക്കുമെന്നും ശിവസേന പറഞ്ഞു

‘എക്സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.എന്നാല്‍ ജനങ്ങളുടെ ആവേശം കാണുമ്പോള്‍ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. 2019 ല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ ഒരു പുരോഹിതന്റേയും ആവശ്യമില്ല. ‘ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ കുറിച്ചു.

Read More: വീണ്ടും മോദി വരുമെന്ന് എക്സിറ്റ് പോള്‍; 1100 പോയന്റ് കുതിച്ച് ചാടി സെന്‍സെക്സ്

‘രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ശക്തമായി തന്നെ പ്രവൃത്തിച്ചു എന്നത് വാസ്തവമാണ്. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ വലിയ വിജയമായിരിക്കും. 2014 ലും ലോക്സഭയില്‍ പ്രതിപക്ഷമാവാന്‍ പാര്‍ട്ടിക്ക് വേണ്ടത്ര എം.പിമാര്‍ ഉണ്ടായിരുന്നില്ല. ഈ തവണ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരിക്കും. ഇത് രാഹുലിന്റെ വിജയമായി വരും.’ എന്നും കുറിപ്പില്‍ പറയുന്നു.

Read More: ‘നിങ്ങളെ തളര്‍ത്താനാണ് എക്സിറ്റ് പോളുകള്‍’; പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഓഡിയോ സന്ദേശം അയച്ച് പ്രിയങ്ക

പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്‌സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് ഏറ്റവും മുന്നേറ്റം പ്രവചിക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 42 സീറ്റുകളുള്ള ബംഗാളില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ?എന്നാല്‍ ഇത്തവണ ബിജെപി ആഞ്ഞടിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.

ഇത്തവണ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ പ്രകാരം ഇത്തവണ ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ഇന്ത്യാ ടുഡേ ആക്‌സസിസ് പോള്‍ 19 മുതല്‍ 23 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയില്‍ 2014ല്‍ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതല്‍ സീറ്റുകള്‍ നേടി ഈ നഷ്ടം നികത്താനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടിയിരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 40 സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook