സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ തീപിടിത്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 22 ആയി. ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥികളാണ് ഇന്ന് മരിച്ചത്. വെളളിയാഴ്ച്ച ഉച്ചയോടെ തക്ഷശില അര്‍ക്കെഡിന്റെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയാണ് മരിച്ചത്.

ചികിത്സയിലായിരുന്ന രണ്ട് പെൺകുട്ടികളാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 22 ആയി ഉയർന്നു. 18 പെൺകുട്ടികൾക്കും നാല് ആൺകുട്ടികൾക്കുമാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

“രണ്ട് പെൺകുട്ടികൾ കൂടി ഇന്ന് മരിച്ചു. ഇതോടെ മരണ സംഖ്യ 22 ആയി. നാല് വയസ് പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.” സൂറത്ത് പൊലീസ് വക്താവും അസിസ്റ്റന്റ് കമ്മിഷ്ണർ പി.എൽ ചൗദരി പറഞ്ഞു. മരിച്ച എല്ലാവരും തന്നെ 17നും 19നും ഇടയിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീ ദേഹത്ത് പടര്‍ന്നതോടെയാണ് കുട്ടികൾ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ് രൂപാനി സംഭവത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ കോച്ചിങ് ക്ലാസിന്റെ ഉടമസ്ഥൻ ഭാർഗവ് ബുട്ടാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ ഒളിവിലാണ്.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സംഭവം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ. എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook