ചെന്നൈ: സ്റ്റേഷന്‍ ജീവനക്കാരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേയുടെ നോട്ടീസ്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ് വ്യക്തമാക്കുന്നു.

കണ്‍ട്രോള്‍ റൂമുകളിലും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വാദം. സിഗ്‍നലുകള്‍ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും ദക്ഷിണ റെയിൽവേ ജി.എം.ഗജാനന്‍ മല്യ മാധ്യമങ്ങളോട് പറഞ്ഞു.

Read More: ‘ബില്‍ കിട്ടിയില്ലെങ്കില്‍ പണം നല്‍കരുത്’; ഭക്ഷണത്തിന്റെ കൊളളവിലയ്ക്ക് റെയില്‍വെയുടെ പിടി വീഴുന്നു

ജൂണ്‍ 12ന് അയച്ച കത്തില്‍ ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് മാനേജര്‍ ആര്‍.ശിവയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, ട്രാഫിക് ഇൻസ്പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്.

ഉദ്യോഗസ്ഥര്‍ തമ്മിലുളള ആശയവിനിമയത്തിന് പുതിയ നിര്‍ദേശം സഹായകമാകുമെന്നാണ് ശിവ പറയുന്നത്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിന് ഇടയ്‍ക്കാണ് ഭാഷയുടെ പേരില്‍ റെയിൽവേയിലും വിവാദം.

ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് നയം തയ്യാറാക്കിയിരുന്നു. തമിഴ്‍നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook