ന്യൂഡൽഹി: മകളെ പരിഹസിച്ച സഹപാഠിക്ക് മറുപടി കൊടുത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം സ്മൃതി ഇറാനി മകൾ സോയിഷ് ഇറാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ചിത്രം നീക്കം ചെയ്തു. ഇതിനു കാരണമെന്തെന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി. ചിത്രത്തിലെ മകളുടെ ലുക്കിനെക്കുറിച്ച് സഹപാഠികളിൽ ഒരാൾ കളിയാക്കിയെന്നും, അവളുടെ അപേക്ഷയെ തുടർന്നാണ് ചിത്രം നീക്കം ചെയ്തതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
”മകൾക്കൊപ്പമുളള സെൽഫി ഞാൻ കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്തു, കാരണം അവളുടെ സഹപാഠിയുടെ പരിഹാസത്തെ തുടർന്നാണ്. ഒരു സഹപാഠി എന്റെ മകളുടെ ലുക്കിനെക്കുറിച്ചും, ‘അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ” എന്നും പറഞ്ഞ് അവളെ കളിയാക്കി. അവൾ എന്റെ അടുത്ത് വന്നു ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു, കാരണം അവളുടെ കണ്ണുനീർ എനിക്ക് കാണാനാവില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു, ഞാൻ ഫോട്ടോ ഡിലീറ്റ് ചെയ്തത് ഇത്തരക്കാർക്ക് കൂടുതൽ ധൈര്യം പകരും. അതിനാലാണ് മകളുടെ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തത്,” സ്മൃതി ഇറാനി കുറിച്ചു.
മകളെ കളിയാക്കിയ സഹപാഠിക്ക് നല്ല മറുപടി കൊടുക്കാനും സ്മൃതി ഇറാനി മറന്നില്ല. ”എന്റെ മകൾ നല്ലൊരു കായികതാരമാണ്. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുണ്ട്, രണ്ടു തവണ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. അവൾ സ്നേഹനിധിയും ഒപ്പം സുന്ദരിയുമാണ്. നിങ്ങൾ എത്രവേണമെങ്കിലും പരിഹസിച്ചോളൂ, അവൾ തിരിച്ചടിക്കും. അവൾ സോയിഷ് ഇറാനിയാണ്. അവളുടെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു,”
സ്മൃതി ഇറാനിയുടെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ സ്മൃതിക്ക് പിന്തുണ അറിയിച്ച് കമന്റും ചെയ്തിട്ടുണ്ട്. മകളുടെ ചിത്രങ്ങൾ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചാണ് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനി വിജയിച്ചത്. മൂന്ന് തവണ തുടര്‍ച്ചയായി അമേഠി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍, ഇത്തവണ ഗാന്ധി കുടുംബം ആധിപത്യം പുലര്‍ത്തിയിരുന്ന പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം സ്മൃതി ഇറാനി പിടിച്ചെടുക്കുകയായിരുന്നു. അമേഠി മണ്ഡലത്തില്‍ നിന്ന് 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി വിജയിച്ചത്.