ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ച കഴിഞ്ഞ് ഡല്‍ഹി കശ്മീരി ഗേറ്റിലെ യമുനാ നദിക്കരയിലുള്ള നിഗംബോദ് ഘട്ടിലായിരുന്നു സംസ്കാരം. നിരവധി നേതാക്കളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാവിലെ തന്നെ എത്തിയത്. 11.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഷീല ദീക്ഷിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഷീല ദീക്ഷിതിന്റെ ആഗ്രഹപ്രകാരമാണ് സിഎൻജി ശമ്ശാനത്തിൽ സംസ്കാരം നടത്തിയത്.

മുൻ കേരള ഗവർണര്‍ കൂടിയായ ഷീല ദീക്ഷിത് ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് 3.55 നായിരുന്നു അന്ത്യം. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

വെളളിയാഴ്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അൽപം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു. അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിത് ആണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.

Read More: ഡല്‍ഹിയുടെ ഏറ്റവും ഒടുവിലത്തെ സുല്‍ത്താന; വിട, ഷീല ദീക്ഷിത്

പശ്ചിമ ബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യുപിയിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.

1998-ൽ ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പിസിസി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരള ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഷീല ദീക്ഷിതിന്റെ മരണത്തിൽ അനുശോചിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook