ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. സോന്‍ഭദ്ര കൂട്ടക്കൊലയ്ക്ക് എതിരായി സമയബന്ധിതമായ പ്രിയങ്കയുടെ പ്രതിഷേധം മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഓർമിപ്പിക്കുന്നതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
‘നിശ്ചയദാര്‍ഢ്യത്തോടെ പ്രിയങ്ക സോന്‍ഭദ്ര വെടിവയ്പിനെതിരെ പ്രതിഷേധിച്ചതും നിലകൊണ്ടതും ഇന്ദിര ഗാന്ധിയെ ഓർമിപ്പിച്ചു. ബെല്‍ച്ചിയില്‍ അവര്‍ ആനപ്പുറത്ത് സഞ്ചരിച്ചിരുന്നു. അതുപോലെ തന്നെയായിരുന്നു പ്രിയങ്കയും. പുഞ്ചിരിയോടെയാണ് അറസ്റ്റ് വരിച്ചത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയാണ് ഏറ്റവും യോഗ്യതയുളള വ്യക്തി,’ സിന്‍ഹ വ്യക്തമാക്കി.
1977ല്‍ ബിഹാറിലെ ബെല്‍ച്ചിയില്‍ 11 ദലിതരെ ഉന്നത ജാതിക്കാര്‍ കൂട്ടക്കൊല ചെയ്തിരുന്നു. അന്ന് ബെല്‍ച്ചിയില്‍ ആനപ്പുറത്തേറി എത്തിയ ഇന്ദിര ഗാന്ധി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വലിയ രീതിയിലുളള ജനപ്രീതിയാണ് അന്ന് ഇന്ദിരയ്ക്ക് ലഭിച്ചത്.
Read More: സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു; പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക
സമാനമായ സന്ദര്‍ഭമാണ് കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഉന്നത ജാതിക്കാര്‍ 10 ആദിവാസികളെ വെടിവച്ച് കൊലപ്പെടുത്തി. ഇരകളായ തങ്ങളെ, ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ആരും സന്ദര്‍ശിക്കാത്തതിനാല്‍ ഏറെ അമര്‍ഷത്തിലായിരുന്നു സോന്‍ഭദ്രയിലെ ജനങ്ങള്‍. ഇതുവരെ എഐസിസി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാത്രമാണ് ഇവരെ സന്ദര്‍ശിച്ചത്.
സോന്‍ഭദ്ര സന്ദര്‍ശിക്കാന്‍ യാത്ര തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലക്നൗ വിമാനത്താവളത്തില്‍നിന്നും മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍, യാത്രാമധ്യേ പ്രിയങ്കയുടെ വഴി തടയുകയും അവരെ, മിര്‍സാപൂരിലെ ഒരു ഗസ്റ്റ് ഹൗസില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ടോടെ വെടിവയ്പില്‍ പരുക്കേറ്റവരുടെ ബന്ധുക്കള്‍ ഈ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചു. 70 കിലോമീറ്റര്‍ നടന്നാണ് ഇവര്‍ പ്രിയങ്കയുടെ അടുത്ത് എത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്ക, യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനിൽക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചിരുന്നു.