വാരാണസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് പ്രശസ്ത റാപ് ഗായിക ഹാര്‍ഡ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് നടപടി. ആദിത്യനാഥിനെ ബലാത്സംഗ വീരന്‍ എന്നായിരുന്നു ഹാര്‍ഡ് കൗര്‍ വിളിച്ചത്.

‘യു.പി മുഖ്യമന്ത്രി സൂപ്പര്‍ ഹീറോ ആണെങ്കില്‍ ബലാത്സംഗക്കാരന്‍ യോഗി എന്നാണ് ഞാന്‍ വിളിക്കുക. നിങ്ങളുടെ അമ്മമാരും സഹോദരിമാരും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാല്‍ ഞാന്‍ ഇദ്ദേഹത്തെ ഓറഞ്ച് ബലാത്സംഗക്കാരന്‍ എന്നാണ് വിളിക്കുക’ എന്നായിരുന്നു കൗറിന്റെ വിവാദ ട്വീറ്റ്. ഇതിനെ തുടര്‍ന്നാണ് താരത്തിനെതിരെ പരാതി നല്‍കിയത്. ഐ.പി.സി സെക്ഷന്‍ 124(എ), 153, 500, 505, ഐ.ടി ആക്ട് 66 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും.

കൂടാതെ, പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും ഹാര്‍ഡ് കൗര്‍ ആരോപിച്ചിരുന്നു. ഗോഡ്സെ മഹാത്മാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ് എന്നും നിങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും നേരത്തെ ഹാര്‍ഡ് കൗര്‍ പോസ്റ്റ് ചെയ്തിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയുടെ മരണത്തിനും ഉത്തരവാദി മോഹന്‍ ഭാഗവതാണ് ഹര്‍ദ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എസ്എം മുഷ്രിഫ് എഴുതിയ ഏറെ വിവാദമായ ‘കര്‍ക്കറെയെ കൊന്നതാര്’ എന്ന പുസ്തകത്തിന്റെ കവര്‍ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും കൗര്‍ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook