‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചവരെ കണ്ടുപിടിച്ച് ജോലിയില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും പുറത്താക്കിയ ഓണ്‍ലൈന്‍ പോരാളികള്‍ക്ക് സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ മാധ്യമ പുരസ്‌കാരം.

തങ്ങളുടെ ‘നേട്ടങ്ങള്‍’ക്ക് ഈ ഓണ്‍ലൈന്‍ പോരാളികളുടെ പക്കല്‍ തെളിവുകളുമുണ്ട്. ഗുവാഹട്ടിയിലെ കോളേജില്‍ നിന്നും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ലെറ്റര്‍, രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നാല് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ലെറ്റര്‍, നാല് പേരും പെണ്‍കുട്ടികളാണ്. ജയ്പൂരില്‍ ഒരു അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ പോസ്റ്റ്, ഗ്രേറ്റര്‍ നോയിഡയിലെ എഞ്ചിനീയറിങ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ച സസ്‌പെന്‍ഷന്‍ ലെറ്റര്‍, ബിഹാറിലെ കെയ്തറില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്. ഇത്രയും തെളിവുകളാണ് ഇവര്‍ നിരത്തിയത്.

അധികാരികളേയും ഉദ്യോഗസ്ഥരേയും ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഇവര്‍ക്കെതിരായ നടപടി പിന്‍വലിച്ചു എന്നാണ് അറിയാന്‍ സാധിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റേയും ബാലക്കോട്ട് വ്യോമാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ഈ സ്ത്രീപുരുഷന്മാരെ തിരഞ്ഞുപിടിച്ച് പരാതിപ്പെടാന്‍ കാരണം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളേജുകളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണങ്ങള്‍ നടന്നിരുന്നു.

ക്ലീന്‍ ദി നേഷന്‍ എന്ന പേരില്‍ പ്രവൃത്തിക്കുന്ന ഓണ്‍ലൈന്‍ സംഘത്തിന് കഴിഞ്ഞ ശനിയാഴ്ച സംഘ് പരിവാര്‍ സോഷ്യല്‍ മീഡിയ പത്രകാരിത നാരദ് സമ്മാന്‍ നല്‍കി ആദരിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ വച്ചാണ് പുരസ്‌കാര ദാനം നടന്നത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

സിടിഎന്നിന് പുരസ്‌കാരം നല്‍കിയതിനെ കുറിച്ച് ഐവിഎസ്‌കെ സെക്രട്ടറി വാഗിഷ് പറഞ്ഞതിങ്ങനെ
‘അവര്‍ രാജ്യത്തെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നു കണ്ടതിനാലാണ് ഈ പുരസ്‌കാരം ഞങ്ങള്‍ നല്‍കിയത്. പല ആളുകളും രാജ്യത്തെ സ്‌നേഹിക്കുന്നു. ചിലര്‍ അതില്‍ വളരെ സജീവമാകുന്നു,’ അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം ഫെബ്രുവരി 15ന് ഒമ്പത് പേര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മായായാണ് സിടിഎന്നിന്റെ തുടക്കം. തൊട്ടടുത്ത രണ്ടു ദിവസങ്ങളിലായിരുന്നു ഇതിന്റെ സജീവ പ്രവര്‍ത്തനങ്ങള്‍. 4,500 അംഗള്‍ പേജിന്റെ ഭാഗമായി. പിന്നീട് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ആരംഭിച്ചു. 40 അഡ്മിന്‍മാരാണ് ഉള്ളത്. അതില്‍ 20-30 വയസിനുള്ളിലുള്ള ഒമ്പത് പേരാണ് കൂടുതല്‍ സജീവമായുള്ളത്. ഡല്‍ഹിയിലും നോയിഡയിലും ജോലി ചെയ്യുന്ന ഐടി ഉദ്യോഗസ്ഥരാണിവര്‍.

Read More: RSS media arm honours group that branded citizens anti-national

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook